കേരളം

kerala

ETV Bharat / international

കൊറോണ പടരുന്നു; ജാഗ്രത പുലര്‍ത്തി ഇന്ത്യ

ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ ആരംഭിക്കും

By

Published : Jan 28, 2020, 12:46 PM IST

കൊറോണ പടരുന്നു  Coronavirus case  China Health Commission  Indian government  ചൈന വാര്‍ത്തകള്‍  കൊറോണ ഇന്ത്യയില്‍
കൊറോണ പടരുന്നു; ജാഗ്രത പുലര്‍ത്തി ഇന്ത്യ

ബെയ്ജിങ്:ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസില്‍ നിന്നും രക്ഷതേടി ഇന്ത്യ. രോഗം പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തില്‍ മാത്രം 250 ഇന്ത്യക്കാരാണ് വസിക്കുന്നത്. ഇവരെ പുറത്തെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ചൈനയില്‍ നിന്ന് വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഒരു യോഗം ചേര്‍ന്നിരുന്നു.

ഇന്നുവരെ ഇന്ത്യയില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 450ഓളം പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിരീക്ഷണത്തിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണെന്നത് മലയാളികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചൈനയില്‍ നിന്ന് നാട്ടിലേക്കെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. മുന്‍കരുതലിന്‍റെ ഭാഗമായി ഇവരില്‍ ഭൂരിഭാഗം പേരും സമീപത്തെ ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുകയാണെങ്കില്‍ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ക്കും, വിമാനകമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലേക്കുള്ള വിമാനങ്ങളില്‍ മുന്‍കരുതല്‍ മുന്നറിയിപ്പുകള്‍ നല്‍കാനും, യാത്രക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യാനും വിമാനകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം നേപ്പാള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും തീരുമാനമായി. ഇത്തരം കേന്ദ്രങ്ങളിലേക്ക് ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും.

അതേസമയം വുഹാനില്‍ അടക്കം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചൈനീസ് അധികൃതരോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണമായി. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നതില്‍ ഭൂരിഭാഗവും. മുന്നൂറോളം വിദ്യാര്‍ഥികളാണ് വുഹാനിലുള്ളത്. രോഗം നഗരത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി വുഹാന്‍ നഗരവാസികളോട് നഗരത്തിന് പുറത്തേക്ക് പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം സൃഷ്‌ടിച്ചത്. വുഹാന്‍ അടക്കം 12 നഗരങ്ങളാണ് പുറംലോകവുമായി ബന്ധമില്ലാതെ ചൈനയില്‍ ഒറ്റപ്പെട്ട് കിടക്കുന്നത്.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂടികാഴ്‌ച നടത്തിയിട്ടുണ്ട്. വൈറസ്‌ ബാധ തടയുന്നതിനായി സംസ്ഥാനങ്ങളില്‍ എര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ വിലയിരുത്തി. ജനുവരി ഒന്നിന് മുമ്പ് ചൈനാ സന്ദര്‍ശനം നടത്തിയ ആളുകള്‍ ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് വിധേയരാകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസ്‌റ്റ് വിസയില്‍ കൊല്‍ക്കത്തയിലെത്തിയ ചൈന സ്വദേശി ബലഗേട്ട ഐഡി ഹോസ്‌പിറ്റിലിലെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. പരിശോധനാഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളു. വിഷയത്തില്‍ ഉടന്‍ നടപടികളെടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും, ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പനി, കഫക്കെട്ട്, ശ്വാസതടസം തുടങ്ങിയവയാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍.

ABOUT THE AUTHOR

...view details