കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറും മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ വിമാനം ഇന്ത്യയിലെത്തി. അഫ്‌ഗാനിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്ന രണ്ടാമത്തെ വിമാനമാണിത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കാബൂളിലെ ഇന്ത്യൻ അംബാസിഡറും അദ്ദേഹത്തിന്‍റെ ജീവനക്കാരും ഇന്ത്യയിലേക്ക് തിരികെ വരാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. വ്യോമസേനയുടെ (IAF) C-17 ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനം തിങ്കളാഴ്‌ച കാബൂളിൽ നിന്ന് ഇന്ത്യൻ ജീവനക്കരെ തിരികെ കൊണ്ടു വന്നിരുന്നു.
ALSO READ:അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം; താലിബാൻ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്
അഫ്‌ഗാനിസ്ഥാനിലെ മറ്റ് ഇന്ത്യക്കാർ രാജ്യത്തേക്ക് തിരികെ വരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും അവർ സുരക്ഷിതമായ പ്രദേശത്താണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി 'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' എന്ന ഇലക്ട്രോണിക് വിസയുടെ പുതിയ വിഭാഗം കൂടെ ചേർത്തിട്ടുണ്ട്.