ഇന്ത്യയും നേപ്പാളും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാവുന്ന പ്രശ്‌നമായി മാറുകയാണ് കാലാപാനി അതിർത്തി തർക്കം. കഴിഞ്ഞ ദിവസം നേപ്പാൾ ഉന്നയിച്ച കാലാപാനിയെ ചൊല്ലിയുള്ള ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു. ഞായറാഴ്‌ച പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടത്തിൽ കാലാപനി പ്രദേശത്തെ തെറ്റായി ഉൾപ്പെടുത്തിയെന്ന നേപ്പാളിന്‍റെ ആരോപണമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരസിച്ചത്.
നേപ്പാളിന്‍റെ ആരോപണങ്ങൾ തള്ളി ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു-കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ രാഷ്ട്രീയ ഭൂപടം ഞായറാഴ്‌ച ഇന്ത്യ പുറത്തിറക്കിയിരുന്നു. പുതിയ ഭൂപട പ്രകാരം കാലങ്ങളായി കാഠ്‌മണ്ഡു അവകാശപ്പെടുകയും തർക്കത്തില്‍ ഇരിക്കുകയും ചെയ്യുന്ന കാലാപാനിയുടെയും ലിപു ലേഖിന്‍റെയും ഭൂപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്.
ഭൂപടം പുറത്തിറക്കിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു വന്ന പ്രതിഷേധത്തെ തുടർന്ന് ആദ്യം നേപ്പാൾ സർക്കാർ നിശബ്‌ദതരായിരുന്നെങ്കിലും പിന്നീട് വിദേശ കാര്യ മന്ത്രാലയം തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി. കലാപാനി നേപ്പാളിന്‍റെ ഭാഗമാണെന്നത് വ്യക്തമാണെന്ന ഔപചാരിക പ്രസ്‌താവനയാണ് നേപ്പാൾ സർക്കാർ രേഖപ്പെടുത്തിയത്. അതിർത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു. അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കാൻ നേപ്പാൾ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. മാത്രവുമല്ല ചരിത്രപരമായ രേഖകളുടെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങൾ നയതന്ത്രപരമായി പരിഹരിക്കണമെന്ന നിലപാടാണ് നേപ്പാൾ സർക്കാരിനുള്ളത്.
എന്നാല്‍ നേപ്പാളിന്‍റെ പരാതി തള്ളുകയും പുതിയ ഭൂപടം ശരിയാണെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയുമാണ് ഇന്ത്യ.
പുതിയ ഭൂപടം ഇന്ത്യയുടെ പരമാധികാര പ്രദേശത്തെ കൃത്യമായി ചിത്രീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പുതിയ ഭൂപടത്തിൽ ഒരു തരത്തിലും നേപ്പാളുമായുള്ള അതിർത്തി പരിഷ്കരിച്ചിട്ടില്ല. നേപ്പാളുമായുള്ള അതിർത്തി നിർവഹണം നിലവിലെ സംവിധാനത്തിൽ തുടരുകയാണെന്നും രവീഷ് കുമാർ പറഞ്ഞു. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിലൂന്നിയുള്ള സംവാദങ്ങളിലൂടെ പ്രശ്‌ന പരിഹാരം നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നും രവീഷ് കുമാർ വ്യക്തമാക്കി.
അതേസമയം, കാലാപാനി - ലിപു ലേഖ് - ലിംഫുയാധാര എന്നീ പ്രദേശങ്ങൾ നേപ്പാളിൽ ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശങ്ങളുടെ ഭാഗമാണെന്നും സർവേ വകുപ്പ് പുറത്തിറക്കിയ ഭൂപടത്തിൽ ഇത്തരത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നേപ്പാൾ പറയുന്നു. ഇത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു രാഷ്ട്രീയ പ്രശ്നമായി തുടരുകയാണ്. ഈ വിഷയത്തിൽ ഭിന്നത സൃഷ്‌ടിക്കാൻ ചില 'നിക്ഷിപ്‌ത തത്‌പരകക്ഷികൾ' ശ്രമിക്കുകയാണെന്ന് പ്രത്യേകം ഒരു രാജ്യത്തെയോ വ്യക്തിയെയോ പരാമർശിക്കാതെ വിദേശ കാര്യ വക്താവ് അഭിപ്രായപ്പെട്ടു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താൽപര്യങ്ങളിൽ നിന്ന് ഇരുവരും ജാഗ്രത പാലിക്കണമെന്നും രവീഷ് കുമാർ സൂചിപ്പിച്ചു.
കാലാപാനിയുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയില്ലെന്ന് നേപ്പാൾ സർക്കാർ ചൊവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു. നേപ്പാളിലെ ഭരണപക്ഷം, പ്രതിപക്ഷം, പ്രമുഖ പൗരന്മാർ എന്നിവർക്കിടയിൽ ഇതിനോടകം തന്നെ ഈ വിഷയം സാമൂഹ്യമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചയായി കഴിഞ്ഞു. പ്രസ്‌തുത വിഷയത്തിൽ രാഷ്ട്രീയ ശക്തികൾക്കിടയിൽ ഐക്യം തേടുന്നതിന് പ്രധാനമന്ത്രി ഒലി വിശേഷിപ്പിച്ച ഭാരത സർക്കാരിന്‍റെ ‘ഏകപക്ഷീയമായ നടപടി'ക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതായി നേപ്പാളിലെ കോൺഗ്രസ് നേതാവ് ഗഗൻ താപ്പ വിദേശകാര്യ മന്ത്രി ഗ്യാവാലിയോട് ട്വിറ്ററിലൂടെ പറഞ്ഞു. ചൊവ്വാഴ്ച കാഠ്മണ്ഡു നടത്തിയ ഔദ്യോഗിക എതിർപ്പിനെ തുടർന്നാണ് ഗഗൻ താപ്പയുടെ പ്രതികരണം.
ഇതിനിടെ ചില ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഗോ ബാക്ക് ഇന്ത്യ' , 'ബാക്ക് ഓഫ് ഇന്ത്യ' എന്നിങ്ങനെ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി തെരുവുകളിൽ ആളുകൾ പ്രതിഷേധിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
നിലവിൽ നേപ്പാളുമായുള്ള അതിർത്തി പ്രശ്നം ഇന്ത്യ തന്ത്രപരമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ അത് നിയന്ത്രണാതീതമായ മറ്റൊരു സാഹചര്യത്തിലേക്ക് നയിക്കുമെന്ന് നേപ്പാളിലെ സാമ്പത്തിക ശാസ്ത്രജ്ഞനും പ്രശസ്ത എഴുത്തുകാരനുമായ സുജീവ് ശാക്യ മുന്നറിയിപ്പ് നൽകി. 2015 ലെ സാമ്പത്തിക ഉപരോധത്തിന് സമാനമായ ഒരു ഏറ്റുമുട്ടലിലേക്ക് ഇത് എത്തിച്ചേക്കാം. ഓർക്കുക, 2015 ലെ ഇന്ത്യൻ ഉപരോധം നേപ്പാൾ ജനതയുടെ ഒരു തലമുറയെ തന്നെയാണ് അന്യവൽക്കരിച്ചിത്. അതിപ്പോഴും പുതുമ കൈവിടാത്ത ഓർമയാണ്. കഴിഞ്ഞു പോയതിൽ നിന്ന് മനസിലാക്കി നീങ്ങാൻ ശ്രമിക്കൂവെന്നും സുജീവ് ശാക്യ ട്വിറ്ററിൽ എഴുതി.