ന്യൂയോർക്ക്:നിശ്ചിത സമയത്തിനുള്ളിൽ ഐക്യരാഷ്ട്ര സഭയുടെ ബജറ്റ് കുടിശ്ശിക അടച്ച 34 അംഗരാജ്യങ്ങളിൽ ഇന്ത്യയും. ഐക്യരാഷ്ട്രസഭ 2019 ഒക്ടോബർ 27 ന് പുറത്തിറക്കിയ രേഖയിലെ കണക്കനുസരിച്ച് 129 അംഗരാജ്യങ്ങളിൽ ഇന്ത്യയുൾപ്പടെ 34 രാജ്യങ്ങൾ മാത്രമാണ് യുഎൻ ബജറ്റ് കുടിശിക 30 ദിവസമെന്ന നിശ്ചിത കാലയളവിനുള്ളിൽ പൂർണമായി അടച്ചത്.
യുഎൻ ബജറ്റ് കുടിശ്ശിക നൽകിയ രാജ്യങ്ങളിൽ ഇന്ത്യയും - ഇന്ത്യ-യുഎൻ
യുഎൻ ബജറ്റ് കുടിശ്ശിക നിശ്ചിത കാലയളവിനുള്ളിൽ പൂർണമായി അടച്ചത് 34 രാജ്യങ്ങളാണ്. 30 ദിവസമായിരുന്നു കാലാവധി.
സമാധാന പരിപാലനത്തിനുള്ള ചിലവൊഴിച്ചാൽ 2018-2019 ൽ യുഎന്നിന്‍റെ പ്രവർത്തന ബജറ്റ് 5.4 ബില്യൺ യുഎസ് ഡോളറിനടുത്താണ്. ഈ വർഷം ഇന്ത്യ 23,253,808 യുഎസ് ഡോളർ ആണ് യുഎന്നിലേക്ക് നൽകിയത്.
ഐക്യരാഷ്ട്രസഭ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞേക്കില്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു. എന്നാൽ കരുതൽ ധനം കുറച്ച് ജീവനക്കാരുടെ ശമ്പളം നൽകാൻ തങ്ങൾ നിർബന്ധിതരാണെന്നും ഇനിയും കുടിശിക തീർക്കാത്ത രാജ്യങ്ങൾ അടിയന്തരമായി അവ അടച്ചു തീർക്കണമെന്നും യുഎൻ വക്താവ് മാധ്യമപ്രവർത്തകരെ അറിയിച്ചു.