ഇസ്‌ലാമാബാദ്: അഫ്‌ഗാന്‍ സമാധാനത്തെ മുന്‍നിര്‍ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. സമാധാനപരവും സുസ്ഥിരവുമായ അഫ്‌ഗാനിസ്ഥാന് വേണ്ടി പാകിസ്ഥാന്‍ നിലകൊള്ളുമെന്ന് സംഭാഷണത്തിനിടെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി താലിബാൻ ഭീകരര്‍ ബന്ദികളാക്കിയിരുന്ന അമേരിക്കൻ, ഓസ്‌ട്രേലിയൻ പ്രൊഫസർമാരായ കെവിൻ കിങിന്‍റെയും തിമോത്തി വീക്കിന്‍റെയും മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാകിസ്ഥാന്‍റെ ശ്രമങ്ങൾക്ക് ട്രംപ് നന്ദി അറിയിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അഫ്‌ഗാന്‍ സമാധാനം: ഇമ്രാന്‍ ഖാനും ട്രംപും ടെലിഫോണ്‍ സംഭാഷണം നടത്തി - അനസ് ഹഖാനി
മൂന്ന് വർഷമായി താലിബാൻ ഭീകരര്‍ ബന്ദികളാക്കിയിരുന്ന അമേരിക്കൻ, ഓസ്‌ട്രേലിയൻ പ്രൊഫസർമാരായ കെവിൻ കിങിന്‍റെയും തിമോത്തി വീക്കിന്‍റെയും മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാകിസ്ഥാന്‍റെ ശ്രമങ്ങൾക്ക് ട്രംപ് നന്ദി അറിയിച്ചു.
താലിബാനും, അഫ്‌ഗാന്‍ സര്‍ക്കാരും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും മോചിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ഹഖാനി ഭീകരസംഘടനാ തലവന്‍ അനസ് ഹഖാനി, താലിബാന്‍ അംഗങ്ങളായ ഹാജി മാലി, അബ്‌ദുല്‍ റഷീദ് എന്നിവരെയും അഫ്‌ഗാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. 2016ല്‍ കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ചായിരുന്നു ഇരുവരെയും താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
പ്രൊഫസര്‍മാര്‍ സുരക്ഷിതമായി സ്വതന്ത്രരായതില്‍ സന്തോഷം പ്രകടിപ്പിച്ച ഇമ്രാന്‍ ഖാന്‍ ഇരുവരുടെയും മോചനം ശുഭകരമായ സൂചനയാണെന്ന് അറിയിച്ചു. പാക്- അമേരിക്ക ഉഭയകക്ഷി ബന്ധവും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും ഇരുനേതാക്കളും തമ്മില്‍ ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ ചര്‍ച്ച ചെയ്‌തു.