ന്യൂഡല്‍ഹി:കശ്മീര്‍ സംഘർഷവും പൗരത്വ ഭേദഗതി നിയമവും മൂലം ദശലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ക്ക് ഇന്ത്യ വിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം തെറ്റാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇമ്രാന്‍ ഖാന്‍റെ ഇടുങ്ങിയ രാഷ്ട്രീയ അജണ്ട നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനീവയിലെ ഗ്ലോബല്‍ റെഫ്യൂജി ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. അഭയാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ആദ്യ യോഗമാണ് ജനീവയില്‍ നടന്നത്.
ഇമ്രാന്‍ ഖാന്‍ അസത്യം പ്രചരിപ്പിക്കുന്നുവെന്ന് ഇന്ത്യ
ജനീവയിലെ ഗ്ലോബല്‍ റെഫ്യൂജി ഫോറത്തില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നടത്തിയത്.
അടുത്ത കാലത്ത് പാകിസ്ഥാന്‍ നടത്തിയിട്ടുള്ള പല നടപടികളും അയല്‍രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 72 വര്‍ഷമായി പാകിസ്ഥാന്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ആസൂത്രിതമായി ഉപദ്രവിക്കുകയായിരുന്നു. 1971 ല്‍ പഴയ കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങളോട് ചെയ്തതും ഇത്തരത്തിലൊരു വിവേചനമായിരുന്നു. ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടേയും മറ്റ് മതവിശ്വാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പാകിസ്ഥാന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കല്‍, ദേശീയ പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നീ മൂന്ന് കാര്യങ്ങളാണ് ജനീവയിലെ യോഗത്തില്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചത്. ഇന്ത്യയുടെ തീരുമാനം അഭയാര്‍ഥി പ്രതിസന്ധിയുണ്ടാക്കുമെന്നും ഇനിയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയില്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. മാത്രവുമല്ല രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് മാത്രമേ ഈ തീരുമാനം എത്തിക്കൂ. ഇതിനകം തന്നെ 1.4 ദശലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ പാകിസ്ഥാനിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.