ഇസ്ലാമാബാദ്: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന നിരോധിത സംഘടനയുടെ പ്രശ്‌നം അഫ്‌ഗാനിസ്ഥാനല്ല പാകിസ്ഥാൻ സർക്കാരാണ് പരിഹരിക്കേണ്ടതാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. ശനിയാഴ്ച ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സബീഹുല്ല മുജാഹിദ് പ്രതികരണം നടത്തിയത്.
അഫ്‌ഗാൻ-പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലുള്ള പഷ്‌തൂൺ ഇസ്ലാമിസ്റ്റ് സായുധ വിദ്യാർഥി സംഘടനകളുടെ നേതൃ സ്ഥാനത്തുള്ള സംഘടനയാണ് തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ( ടിടിപി). ഈ സംഘടനയെ പാക്കിസ്ഥാനി താലിബാൻ എന്നും വിളിക്കപ്പെടുന്നു.
ടിടിപിയുടെ പ്രശ്‌നം പാകിസ്ഥാൻ കൈകാര്യം ചെയ്യേണ്ടതാണ്. ആ സംഘടനയുടെ പ്രവർത്തനത്തിന്‍റെ നിയമസാധുത അല്ലെങ്കിൽ നിയമവിരുദ്ധതയെക്കുറിച്ച് തീരുമാനിക്കേണ്ടത് പാകിസ്ഥാനും പാകിസ്ഥാൻ മതവിശ്വാസികളുമാണ്, താലിബാനല്ല. എന്നിരുന്നാലും, മറ്റൊരു രാജ്യത്തിനെതിരെ അഫ്‌ഗാൻ മണ്ണ് ഉപയോഗിക്കാൻ താലിബാൻ ആരെയും അനുവദിക്കില്ല, സബീഹുല്ല മുജാഹിദ് പറഞ്ഞു.
'അഫ്‌ഗാൻ താലിബാനെ' തങ്ങളുടെ നേതാവായി ടിടിപി പരിഗണിക്കുകയാണെങ്കിൽ ടിടിപിക്ക് അഫ്‌ഗാൻ താലിബാൻ പറയുന്നത് കേൾക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ടിടിപി എന്ന ഭീകരസംഘടനയിൽപ്പെട്ട നിരവധി ഭീകരരെ താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അഫ്‌ഗാനിസ്ഥാനിലെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു.