ഇസ്ലാമാബാദ്: കൊവിഡ് വ്യാപനത്തിലെ പ്രധാന പ്രശ്‌നം പ്രതിപക്ഷമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ന് മുൾട്ടാനിലും ഡിസംബർ 13ന് ലാഹോറിലും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികൃതർ അനുമതി നൽകാൻ നിഷേധിച്ചെങ്കിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിൽ പ്രതിപക്ഷത്തെ പഴിച്ച് ഇമ്രാൻ ഖാൻ - Imran Khan
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

കൂടുതൽ വായിക്കാൻ:പാകിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് വിലക്ക്
ഇനിയും ലോക്ക് ഡൗൺ നടപ്പിൽ വരുത്തേണ്ടി വരുമെന്നും പ്രതിപക്ഷ പാർട്ടികൾ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. പാകിസ്ഥാനിൽ ഇതുവരെ 8,000 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 398,024 പിന്നിട്ടു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം മാറ്റിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.