ഇസ്ലാമാബാദ് (പാകിസ്ഥാന്‍): സര്‍ക്കാര്‍ വിരുദ്ധ സമരം ദിനംപ്രതി ശക്‌തിയാര്‍ജിക്കുന്നതിനിടെ രാജി വയ്‌ക്കില്ലെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സൈന്യം തന്‍റെ പിന്നിലുണ്ടെന്നും പ്രതിപക്ഷത്തിന്‍റെ അനാവശ്യ സമരത്തിന് മുന്നില്‍ താന്‍ കീഴടങ്ങില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്‌തമാക്കി. അതേസമയം ജാമിയത്ത് ഉലെമ ഇ ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന "ആസാദി മാര്‍ച്ചിന്" പിന്നില്‍ ഇന്ത്യയാണെന്നും പാക് പ്രധാനമന്ത്രി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
ആസാദി മാർച്ചിനു പിന്നില്‍ ഇന്ത്യ: ഇമ്രാന്‍ ഖാന്‍ - ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷം
ജാമിയത്ത് ഉലെമ ഇ ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ആസാദി മാര്‍ച്ചിന് വന്‍ ജന പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ് ഇമ്രാന്‍ ഖാന്‍. സൈന്യത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നും ഖാന്‍ അവകാശപ്പെട്ടു
ജാമിയത്ത് ഉലെമ ഇ ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഇമ്രാന്‍ ഖാന്‍ വിദേശ ശക്‌തികളുടെ പിന്തുണയോടെയാണ് സമരം നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു. സമരം നടക്കുന്ന മേഖലയും നിലവിലെ രാഷ്‌ട്രീയ സാഹചര്യവും പരിശോധിക്കുമ്പോള്‍ ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന സംശയം തങ്ങള്‍ക്കുണ്ടെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തിന്‍റെ ഭരണഘടനയ്‌ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന പ്രകാരം സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതുകൊണ്ടാണ് ആസാദി മാര്‍ച്ചിന് അനുമതി നല്‍കിയത്. എന്നാല്‍ മാര്‍ച്ചിനിടെ അക്രമങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ പ്രതിരോധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി . സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ സൈന്യം തന്‍റെ ഒപ്പമുണ്ടാകുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിലകയറ്റവും, തൊഴിലില്ലായ്‌മയും രൂക്ഷമാണെന്ന് അംഗീകരിച്ച പാക് പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അറിയിച്ചു.