ഹോങ്കോങ്: സോവിയറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രശസ്‌തമായ ബാൾട്ടിക് വേയുടെ മുപ്പതാം വാർഷിക ദിനത്തിൽ മനുഷ്യച്ചങ്ങലയുമായി പതിനായിരങ്ങൾ. 600 കിലോമീറ്ററോളം വരുന്ന മനുഷ്യച്ചങ്ങലയാണ് ഹോങ്കോങ് പ്രക്ഷോഭകർ തീർത്തത്. ചൈന വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയെന്ന നിലയിൽ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, ഹോങ്കോങ്ങിനൊപ്പം നിൽക്കുക, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രക്ഷോഭകർ മനുഷ്യച്ചങ്ങല തീർത്തത്. ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക എന്ന ആവശ്യവുമായി നടക്കുന്ന സമരങ്ങളിൽ ഏറ്റവും സമാധാനപരമായ സമരമാണ് ഇന്നലെ നടന്ന മനുഷ്യച്ചങ്ങലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാൾട്ടിക് വേയുടെ വാർഷികത്തിൽ മനുഷ്യച്ചങ്ങലയുമായി പതിനായിരങ്ങൾ - ചൈനവിരുദ്ധം
കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം തുടരുന്നു. മനുഷ്യച്ചങ്ങല സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍.
1989 ആഗസ്റ്റ് ഇരുപത്തിമൂന്നിനാണ് ബാൾട്ടിക് വേ നടക്കുന്നത്. 1939 ൽ യുഎസ്എസ്ആറും നാസി ജർമനിയും ചേർന്ന് ഒപ്പുവച്ച മോട്ടോലോവ്- റിബ്ബൻട്രോപ് പാക്ട് പ്രകാരമുണ്ടായ സോവിയറ്റ് അധിനിവേശത്തിനെതിരെ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് കോടിയോളം ജനങ്ങൾ 675 കിലോമീറ്ററോളം മനുഷ്യച്ചങ്ങല തീർത്ത സംഭവമാണ് ബാൾട്ടിക് വേ. ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഹോങ്കോങ് സ്വദേശികളെ ചൈനക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ മാസങ്ങളായി ഹോങ്കോങ്ങിൽ പ്രക്ഷോഭം നടക്കുകയാണ്.