ഗാന്ധിനഗർ: അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച പാകിസ്ഥാൻ പൗരനെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. പാകിസ്ഥാനിൽ നിന്നും ഗുജറാത്തിലെ കച്ച് ജില്ലയിലേക്ക് എത്തിയ യുവാവിനെയാണ് ബിഎസ്എഫ് പിടികൂടിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഷാനവാസ് ഭൂട്ടോ കോളനി സ്വദേശിയായ ഷോയിബ് അഹമ്മദ് (38) ആണ് പിടിയിലായത്.
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച പാക് പൗരൻ പിടിയിൽ
പാകിസ്ഥാൻ സ്വദേശിയായ ഷോയിബ് അഹമ്മദ് ആണ് പിടിയിലായത്. അനധികൃതമായി ഗുജറാത്തിലെ കച്ച് ജില്ലയിലേക്ക് കടന്നതിനാണ് നടപടി
ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും പാകിസ്ഥാൻ കറൻസിയും തിരിച്ചറിയൽ കാർഡും 150 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തതായി ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്നലെ രാത്രി ധോളവീരയ്ക്ക് സമീപം അതിർത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഇന്ന് രാവിലെ ഇയാളെ ലോക്കൽ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ശേഷം വിവിധ സുരക്ഷാ ഏജൻസികളുടെ വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ബുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റും.