ആഗോളതലത്തിൽ കൊവിഡ് ബാധിതർ ഒന്നരകോടിയിലേക്ക് - ലോകത്ത് കൊവിഡ്
രോഗ ബാധിതരായ 86 ലക്ഷത്തിലധികം പേർ സുഖം പ്രാപിച്ചു
ഹൈദരാബാദ്: ലോകത്ത് 1,44,14,237ൽ അധികം ആളുകളെ ബാധിച്ച് കൊവിഡ് മഹാമാരി. വൈറസ് വ്യാപനത്തിൽ ഇതിനോടകം 6,04,151പേർക്ക് ജീവഹാനി സംഭവിച്ചു. കൊവിഡ് ബാധിതരുടെ നിരക്ക് വർധിക്കുന്നതോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുവെന്നത് ആശ്വാസകരമാണ്. വൈറസ് ബാധിച്ച 86,06,611ൽ അധികം ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. രണ്ടാം ഘട്ട വൈറസ് വ്യാപനം നേരിടുന്ന ചൈനയിൽ 16 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 പേരും സ്വദേശികളാണ്. ശനിയാഴ്ച കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് സമ്പർക്കം വഴി രോഗം പകരുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു. സമ്പർക്കം വഴി പകർന്ന എല്ലാ കേസുകളും വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയ്ഗുർ പ്രദേശത്താണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.