കാബൂൾ: പത്ത് ദിവസത്തിനുള്ളില്‍ 5,000 തടവുകാരെ വിട്ടയക്കണമെന്ന താലിബാന്‍റെ ആവശ്യം നിരസിച്ച് അഫ്‌ഗാനിസ്ഥാന്‍. യാതൊരു തരത്തിലുള്ള പ്രതിബദ്ധതയും ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നാണ് പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘാനിയുടെ നിലപാട്. താലിബാനുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്താം. നേരത്തെ മോചിപ്പിക്കപ്പെട്ട ആരും അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കെതിരെ ആയുധമെടുക്കരുതെന്നും പ്രസിഡന്‍റ് പറഞ്ഞു. ചര്‍ച്ചക്ക് മുന്നോടിയായി ഭരണകൂടം 10 ദിവസത്തിനുള്ളില്‍ 5,000 തടവുകാരെ മോചിപ്പിക്കണമെന്നാണ് താലിബാന്‍റെ ആവശ്യം. താലിബാൻ തടവുകാരെ മോചിപ്പിക്കുന്നത് അഫ്‌ഗാനിസ്ഥാന്‍ സർക്കാരിന്‍റെ പരിധിയിലുള്ളതാണ്. ഇക്കാര്യത്തില്‍ അമേരിക്കയുമായുള്ള കരാറുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഫ്‌ഗാനിസ്ഥാന്‍റെ നിലപാട്.
താലിബാന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍
താലിബാന്‍ മുന്നോട്ട് വെച്ച ആവശ്യം ചര്‍ച്ചകളിലെ അജണ്ടയാക്കാമെന്നല്ലാതെ നിലവില്‍ തീരുമാനമെടുക്കുന്നില്ലെന്നാണ് അഫ്‌ഗാനിസ്ഥാന്‍റെ നിലപാട്
അഫ്‌ഗാനിസ്ഥാനില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനും കഴിഞ്ഞ 18 വർഷത്തിനിടയിൽ നേടിയ സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നേട്ടങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി തന്‍റെ സര്‍ക്കാര്‍ ശക്തമായി നിലകൊള്ളുമെന്നും ഘാനി വ്യക്തമാക്കി. 18 മാസത്തോളം യുഎസും താലിബാനും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടുന്നത്. കരാര്‍ ഒപ്പിട്ട് 135 ദിവസത്തിനുള്ളില്‍ അമേരിക്ക സേനാ ബലം 13,000 ത്തില്‍ നിന്ന് 8,600 ആയി കുറക്കണമെന്നാണ് കരാറിലെ ധാരണ. അഫ്‌ഗാനിസ്ഥാനില്‍ സമാധാനപരമായ സാഹചര്യം തിരിച്ചുവരാൻ വഴിയൊരുക്കുന്നതിനായി രാജ്യത്തുടനീളം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് അഫ്‌ഗാന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.