ജനീവ: ജമ്മു കശ്‌മീരിനെ ഇന്ത്യന്‍ സംസ്ഥാനം എന്ന് പരാമര്‍ശിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഖുറേഷിയുടെ പ്രസ്താവന.
കശ്മീർ ഇന്ത്യന്‍ സംസ്ഥാനമെന്ന് സമ്മതിച്ച് പാക് വിദേശകാര്യമന്ത്രി - Shah muhhammad Khureshi
ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്‌മീരില്‍ പ്രവേശിക്കാന്‍ രാജ്യാന്തര മാധ്യമങ്ങളെ ഇന്ത്യന്‍ ഗവണ്‍മെന്‍റ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ആയിരുന്നു ഖുറേഷിയുടെ പരാമര്‍ശം.
"കശ്മീരില്‍ എല്ലാം ശാന്തമാണെങ്കില്‍ എന്തിനാണ് രാജ്യാന്തര മാധ്യമങ്ങളെയും, സാമൂഹിക സംഘടനകളെയും ഇന്ത്യന്‍ സംസ്ഥാനമായ കശ്മീരില്‍ പ്രവേശിക്കാന്‍ ഭരണകൂടം അനുവദിക്കാത്തത്" എന്നായിരുന്നു കശ്‌മീര്‍ വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാക് വിദേശകാര്യ മന്ത്രിയുടെ മറുപടി.
ഇന്ത്യന്‍ അധീന കശ്‌മീര്‍ എന്നാണ് പാകിസ്ഥാന്‍ ജമ്മു കശ്‌മീരിനെ സംബോധന ചെയ്‌തിരുന്നത്. കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം ഇന്ത്യ എടുത്തുമാറ്റിയതിന് ശേഷം കശ്‌മീരിനെച്ചൊല്ലിയുള്ള ഇന്ത്യാ -പാക് സംഘര്‍ഷം രാജ്യാന്തര തലത്തിലേക്ക് എത്തിയിരുന്നു. ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ സ്വന്തമല്ലെന്നും തങ്ങള്‍ക്കും അതില്‍ അവകാശമുണ്ടെന്നും പാകിസ്ഥാന്‍ അവകാശമുന്നയിക്കുന്നതിനിടെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശം.