ടോക്കിയോ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ക്രൂയിസ് കപ്പലിൽ നാല് ഇന്ത്യക്കാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ഇന്ത്യൻ എംബസി. ഇതോടെ കപ്പലിലുള്ള രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. രോഗബാധിതരുടെ ചികിത്സ ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ക്രൂയിസ് കപ്പലിൽ നാല് ഇന്ത്യക്കാർക്ക് കൂടി കൊവിഡ് 19 - COVID-19
പരിശോധനാ ഫലം നെഗറ്റീവ് ആയ യാത്രക്കാരെ പുറത്തിറക്കിയാൽ ഇന്ത്യക്കാരുൾപ്പെടെ ശേഷിക്കുന്ന എല്ലാവരെയും ഒരിക്കൽ കൂടി പരിശോധനക്ക് വിധേയമാക്കുമെന്നും ഇന്ത്യൻ എംബസി

കഴിഞ്ഞയാഴ്‌ച നിരീക്ഷണ കാലാവധി അവസാനിച്ച യാത്രക്കാരെ കരക്കിറക്കാൻ തീരുമാനമായി. ശേഷിക്കുന്ന ആയിരത്തിലധികം യാത്രക്കാർ ഇനിയും കപ്പലിൽ തന്നെ തുടരുമെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഗിഡെ സുഗ പറഞ്ഞു. നിലവിൽ രോഗലക്ഷണങ്ങളില്ലാത്ത, പരിശോധനാ ഫലം നെഗറ്റീവ് ആയ യാത്രക്കാരെ പുറത്തിറക്കിയാൽ ഇന്ത്യക്കാരുൾപ്പെടെ ശേഷിക്കുന്ന എല്ലാവരെയും ഒരിക്കൽ കൂടി പരിശോധനക്ക് വിധേയമാക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
ഫെബ്രുവരി 13നാണ് കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ടോക്കിയോക്ക് സമീപം യോക്കോഹാമ തുറമുഖത്തിൽ ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ നങ്കൂരമിട്ടത്. 138 ഇന്ത്യക്കാരടക്കം 3711 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.