ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) നേതാവുമായ ഷാഹിദ് ഖാൻ അബ്ബാസി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്നാണ് അബ്ബാസിയുടെ ആരോപണം. പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ 343 കോടി രൂപയാണ് നികുതിയായി കിട്ടുമെന്ന് സര്‍ക്കാർ പറയുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇമ്രാൻ ഖാൻ സർക്കാരിന്‍റെ ആദ്യ ബജറ്റില്‍ 1200 കോടി രൂപ നികുതിയിനത്തില്‍ കിട്ടുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 800 കോടി രൂപ മാത്രമെ ലഭിച്ചിട്ടുള്ളവെന്ന് അബ്ബാസി പറഞ്ഞു. പഴയ അതേ പ്രഖ്യാപനമാണ് ഇത്തവണയും നടത്തിയിട്ടുള്ളത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള ബജറ്റാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടതെന്നും അബ്ബാസി ആരോപിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സർക്കാര്‍ ഇത്തരത്തില്‍ ധിക്കാരമായി പെരുമാറുന്നതെന്നും അതില്‍ അവർക്ക് ഒരു ലജ്ജയുമില്ലെന്നും അബ്ബാസി പറഞ്ഞു.
വിലക്കയറ്റവും തൊഴിലില്ലായ്മയും
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 20 മില്യണ്‍ ജനങ്ങളാണ് ദാരിദ്ര രേഖയ്‌ക്ക് താഴെയായത്. അമ്പത് ലക്ഷത്തോടെ പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു. 2018 ൽ ഒരു കിലോഗ്രാം ഗോതമ്പിന് 35 രൂപയായിരുന്നു. ഇന്ന് വില 80 -85 രൂപയ്‌ക്കും ഇടയിലാണെന്നും അബ്ബാസി പറഞ്ഞു. പഞ്ചസാരയുടെ നികുതി കൂട്ടിയതിനെ വിമർശിച്ച അബ്ബാസി പാലിന്‍റെയും മറ്റ് ഡയറി ഉല്‍പ്പന്നങ്ങളുടെയും വില കൂടുന്നതിന് അത് കാരണമാകുമെന്നും പറഞ്ഞു.