കാബുള്‍: പതിവില്ലാത്ത വിധം യന്ത്രപ്പക്ഷികളുടെ തിരക്കാണ് അഫ്ഗാനിസ്ഥാന്‍റെ ആകാശത്തിപ്പോള്‍. രണ്ട് പതിറ്റാണ്ടിനിപ്പുറം അമേരിക്കന്‍ അധിനിവേശ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിട്ടിറങ്ങി നാടുപിടിക്കാനോടുന്നതിന്‍റെ തിരക്ക്.
ലോക തൊഴിലാളി ദിനത്തിലാണ് അഫ്ഗാനില്‍ അവശേഷിക്കുന്ന 3,500ഓളം അമേരിക്കന്‍ സൈനികരടക്കം 7,000 നാറ്റോ സൈനികര്‍ പഷ്തൂണികളുടെ മണ്ണ് തിരികെയേല്‍പ്പിച്ച് മടക്കമാരംഭിക്കുന്നത്. സെപ്റ്റംബര്‍ 11ന് മുമ്പ് പിന്മാറ്റം പൂര്‍ണമാക്കാനാണ് അമേരിക്കയുടെ തീരുമാനം. 20 വര്‍ഷത്തിന്‍റെ അധിനിവേശത്തിന്‍റെ അവശേഷിപ്പുകളില്‍ വിലപിടിപ്പുള്ളവയെല്ലാം കൊണ്ടാണ് മടക്കം.
ജീവനെടുത്ത ആയുധങ്ങള്‍ ഇരുമ്പ് വിലയ്ക്ക്
എണ്ണമില്ലാത്ത കവചിത വാഹനങ്ങളും ആയുധങ്ങളും അഫ്ഗാന്‍ സൈന്യത്തിന് വിട്ടു നല്‍കിത്തുടങ്ങി. അഫ്ഗാനിലെ ആക്രിക്കടകളില്‍ ഇപ്പോള്‍ തുരുമ്പ് വിലയ്ക്ക് തൂക്കിവില്‍ക്കപ്പെടുന്നതും അമേരിക്കന്‍ സൈനിക വാഹനങ്ങളുടെ അവശിഷ്ടങ്ങളാണ്. രണ്ട് ട്രില്ല്യണിലധികം യുഎസ് ഡോളറാണ് 20 വര്‍ഷം കൊണ്ട് അമേരിക്ക അഫ്ഗാനില്‍ പൊട്ടിച്ചു കളഞ്ഞത്. അഫ്ഗാന്‍ സൈന്യത്തെ പരിപാലിക്കാന്‍ മാത്രം പ്രതിവര്‍ഷം ചെലവ് വന്നത് നാല് ബില്ല്യണ്‍ യുഎസ് ഡോളര്‍. വെളിപ്പെടുത്താത്ത ബ്ലാക്ക് ഓപ്സ് ആക്ഷനുകളുടെ കണക്കുകള്‍ ഏവിടെയും ലഭ്യവുമല്ല.
ഒന്നര ലക്ഷത്തോളം ജീവനുകള്‍ നഷ്ടമായി
2001 ഒക്ടോബര്‍ ഏഴിനാണ് 9/11ന്‍റെ കണക്ക് തീര്‍ക്കാന്‍ അല്‍ ഖ്വയ്ദയുടെ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍റെ മണ്ണില്‍ കാല് കുത്തിയത്. രണ്ട് മാസത്തിനകം താലിബാന്‍റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു. അല്‍ഖ്വയ്ദയും ഉസാമ ബിന്‍ ലാദനുമെല്ലാം പാക് അതിര്‍ത്തികളിലേക്ക് രക്ഷപ്പെട്ടു. തകര്‍ച്ചയില്‍ നിന്ന് വീണ്ടും വളര്‍ന്ന് കയറിയ താലിബാനും അഫ്ഗാന്‍ സര്‍ക്കാരും നാറ്റോ സൈന്യവും തമ്മിലുണ്ടായ സായുധ സൈനിക രാഷ്ട്രീയ പിടിവലികളില്‍ ജീവന്‍ നഷ്ടമായത് 47,000ത്തില്‍ അധികം സാധാരണക്കാര്‍ക്കും 69,000ത്തോളം അഫ്ഗാനി സൈനികര്‍ക്കും. ദശലക്ഷങ്ങള്‍ അഭയാര്‍ഥികളായി. അധിനിവേശ ശക്തികള്‍ക്കും ഉണ്ടായത് കനത്ത ആള്‍നാശം. 2,442 അമേരിക്കന്‍ സൈനികരും 1,144 നാറ്റോ സൈനികരും കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈന്യത്തിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ കരാറുകളിലെത്തിയ 4,000ത്തോളം കൂലിപ്പടയാളികളും മരിച്ചുവീണു.
ബാക്കിയാവുന്നതെന്ത്
20 വര്‍ഷത്തിനൊടുവില്‍ നഷ്ടക്കണക്കുകളുമായാണ് അമേരിക്ക അഫ്ഗാന്‍ വിടുന്നത്. കീഴടങ്ങാത്ത പഷ്തൂണി വീര്യത്തിന് മുന്നില്‍ ആശ്വസിക്കാനുള്ളത് ഉസാമ ബിന്‍ ലാദനെ വകവരുത്താനായെന്നത് മാത്രം. അല്‍ഖ്വയ്ദയുടെ ശക്തി ക്ഷയിപ്പിച്ചെന്ന വീരവാദവും മുഴക്കുന്നുണ്ട് അമേരിക്ക. 2001ലെ പരാജയത്തിന് ശേഷം ശക്തിപ്രാപിച്ച താലിബാന്‍ നിലവില്‍ രാജ്യത്തിന്‍റെ പകുതിയോളം പ്രദേശങ്ങളും സ്വന്തം നിയന്ത്രണത്തില്‍ വച്ചിരിക്കുന്നു. അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിടുമ്പോള്‍ ബാക്കിയാകുന്നതെന്തെന്നാണ് അഫ്ഗാനികള്‍ ആശങ്കയോടെ കാത്തിരിക്കുന്നത്. പ്രാപ്തരെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ന്യൂനതകളേറെയുള്ള അഫ്ഗാന്‍ സൈന്യത്തിന് എങ്ങനെ താലിബാനെ തടഞ്ഞു നിര്‍ത്താനാകുമെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഒപ്പം സ്ത്രീ സമൂഹമടക്കം പ്രാകൃത താലിബാനി നിയമസംഹിതകള്‍ പിന്തുടര്‍ന്ന് ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയും സംജാതമാകാം.