ബംഗ്ലാദേശ് വെള്ളപ്പൊക്കം; മരണം 251 ആയി
33 ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. പാമ്പ് കടിയേറ്റും, ഇടിമിന്നലേറ്റും നിരവധി പേര്‍ മരിച്ചിട്ടുണ്ട്.
ധാക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ എതാനും ആഴ്‌ചകളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 251 ആയി. ജൂണ്‍ 30ന് ആരംഭിച്ച മഴയാണ് ഇപ്പോള്‍ വെള്ളപ്പൊക്കമായത്. 33 ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. പാമ്പ് കടിയേറ്റും, ഇടിമിന്നലേറ്റും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞതോടെ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലാണ്. നിരവധി വന്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഇതിനടിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വിവിധ ജില്ലകളിലായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏകദേശം 156.4 മില്യണ്‍ ഡോളറിന്‍റെ കൃഷിനാശമുണ്ടായതായി കരുതുന്നു. സമുദ്രനിരപ്പിനോട് അടുത്ത് നില്‍ക്കുന്ന രാജ്യമായ ബംഗ്ലാദേശില്‍ നിരവധി പുഴകളുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് കനത്ത മഴയും പിന്നാലെ വെള്ളപ്പൊക്കവുമുണ്ടാകാറുണ്ട്.