പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ച് ജപ്പാന്‍; 14 മരണം - ജപ്പാനില്‍ വെള്ളപ്പൊക്കം
ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ 90 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്‌തമായ മഴയെത്തുടര്‍ന്ന് ജപ്പാന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ടോക്കിയോ (ജപ്പാന്‍): ജപ്പാനില്‍ ആഞ്ഞടിച്ച 'ഹജിബിസ്' ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. 16 പേരെ കാണാതായിട്ടുണ്ട്. കാറ്റിന് പിന്നാലെ കനത്ത വെള്ളപ്പൊക്കവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ജപ്പാന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. ഇത് മേഖലയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ചില ഭാഗങ്ങളില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തമേഖലകളിലെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
60 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷും ദുരന്തഭീഷണിയിലാണ്. ദ്വീപിലെ ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്‌തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളായ ഇബാര്‍ക്കി ടോച്ചിംങ്കി, ഫുക്കുഷിമ, മിയാഗി, നിഗിറ്റ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.