ബാഗ്‌ദാദ്: ഇറാഖിൽ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് 23 പേർ മരിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഇബ്നു അൽ ഖാതിബ് ആശുപത്രിയിലാണ് അപകടമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. നിരവധി പേർ അപകടത്തിൽ മരിച്ചുവെന്നും കൃത്യമായ എണ്ണം അറിയില്ലെന്നും സംഭവസ്ഥലത്തുണ്ടായ ഡോക്‌ടർ സഭ അൽ കുസെ പറഞ്ഞു.
ഇറാഖിൽ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ തീപിടിത്തം; മരണം 23 ആയി - A fire at a hospital treating covid patients
ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അപകടത്തിൽ 23 പേർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും മെഡിക്കൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം ഇറാഖ് അപകടത്തിൽപെട്ടവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അപകടം നടക്കുന്ന സമയത്ത് 120ഓളം രോഗികൾ ആശുപത്രിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് അപകടം സംഭവിച്ചത്.
പ്രതിദിനം രാജ്യത്ത് 8,000ത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. വാക്‌സിനേഷന് ജനങ്ങൾ തയ്യാറാകണമെന്ന് സർക്കാർ ആവശ്യപ്പെടുമ്പോഴും ആരോഗ്യ മേഖലയിലുള്ള വിശ്വാസക്കുറവ് ജനങ്ങളെ വാക്‌സിനേഷനിൽ നിന്ന് അകറ്റി നിർത്തുകയാണ്.