യാങ്കോൺ:മ്യാൻമറിലെ സൈനിക വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സൈനിക അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിനെതിരെയാണ് സൈന്യം വെടിയുതിർത്തത്. രാത്രി കർഫ്യു ലംഘിച്ച് പ്രതിഷേധിച്ചവർക്കെതിരെയാണ് സൈന്യം വെടിയുതിർത്തത്.
ശനിയാഴ്ച പുലർച്ചെ യാങ്കോണിൽ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേരും മണ്ടാലെയിൽ മൂന്ന് പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടതായി കണ്ടെത്തിയ എല്ലാവരും വെടിയേറ്റാണ് മരിച്ചതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
താക്കേറ്റ ടൗൺഷിപ്പിൽ തടിച്ച് കൂടിയ ആളുകളെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിലാണ് മറ്റ് രണ്ട് പേർ കൊല്ലപ്പെട്ടത്.
ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ രാജ്യത്ത് നയതന്ത്ര സമ്മർദ്ദം വർദ്ധിച്ചു വരികയാണ്. ഇത് രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായി. പ്രക്ഷോഭത്തിൽ ഇതുവരെ 60 ലധികം പേർ കൊല്ലപ്പെടുകയും 2,000 പേർ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. മ്യാൻമർ ഭരണകൂടത്തിന്‍റെ വർദ്ധിച്ച് വരുന്ന അക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭ ബുധനാഴ്ച അപലപിച്ചിരുന്നു. പരമ്പരാഗത മ്യാൻമർ സഖ്യകക്ഷിയായ ചൈന പോലും മ്യാൻമറിന് എതിരായി പ്രതിഷേധം അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികളാണ് സൈന്യം എടുത്തത്.