ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ സമിതി (യുഎൻഎസ്‌സി) ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ബുധനാഴ്ച സംസാരിക്കും. “അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻഎസ്‌സി ചർച്ചയെ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ജൂൺ 23ന് അഭിസംബോധന ചെയ്യും,” ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം മിഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
നേരത്തെ, അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. അഫ്ഗാനിൽ വർധിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിലെ സമാധാന ചർച്ചകൾ അഫ്ഗാൻ നേതൃത്വത്തിൽ തന്നെ നടത്തണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഒത്തുതീർർപ്പിന് തയ്യാറാകണമെന്നും സാമൂഹിക-സാമ്പത്തിക സംരക്ഷണം നടത്തണമെന്നും ഇന്ത്യ അഫ്ഗാനോട് പറഞ്ഞിരുന്നു. അഫ്ഗാനിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.