ന്യൂഡൽഹി:മ്യാൻമറിൽ അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കെ പട്ടാളത്തിനെതിരെ 'പീപ്പിൾ ഡിഫൻസ് ഫോഴ്‌സ്' എന്ന ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന് രൂപം നൽകി ദേശീയ ഐക്യ സർക്കാർ (എൻയുജി). ജനങ്ങൾക്ക് നേരെയുള്ള ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന മ്യാൻമർ പട്ടാളത്തെ നേരിടാനാണ് സേന രൂപീകരിക്കുന്നതെന്ന് എൻയുജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2021 ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിലെ ജനാധിപത്യത്തിന് പൂട്ടുവീണത്. 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് ലീഗാണ് വിജയിച്ചത്. ആകെ 476 സീറ്റുകളിൽ 396 സീറ്റുകൾ എൻഎൽഡി നേടി. അതേസമയം, സൈന്യം പിന്തുണക്കുന്ന യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് പാർട്ടിക്ക് (യുഎസ്‌ഡിപി) ലഭിച്ചത് 33 സീറ്റുകൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയതാണ് പട്ടാളത്തെ പ്രകോപിച്ചതും സർക്കാരിനെ അട്ടിമറിച്ച് സൂചിയെയും മറ്റ് മുതിന്ന രാഷ്‌ട്രീയ നേതാക്കളെയും കസ്‌റ്റഡയിലെടുത്തതും.