ഇസ്ലാമബാദ്:പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി മരിച്ചവരുടെ എണ്ണം 51 ആയി. കറാച്ചിയിൽ നിന്ന് സർഗോദയിലേക്ക് പുറപ്പെട്ട മില്ലാറ്റ് എക്സ്പ്രസാണ് പാളം തെറ്റിയത്. റാവൽപിണ്ടിയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട സർ സയ്യിദ് എക്‌സ്പ്രസ് എതിർ ദിശയിൽ നിന്ന് വരികയും മില്ലാറ്റ് എക്‌സ്പ്രസിന്‍റെ കോച്ചുകളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പാകിസ്ഥാൻ റെയിൽവേ വക്താവ് പറഞ്ഞു. ചില റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഘോത്കി ഡെപ്യൂട്ടി കമ്മിഷണർ ഉസ്മാൻ അബ്‌ദുള്ള പറഞ്ഞു.
ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷപ്പെടുത്തുന്നത് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാണെന്നും റോഹ്രിയിൽ നിന്ന് ദുരിതാശ്വാസ ട്രെയിൻ പുറപ്പെട്ടതായും അബ്‌ദുള്ള പറഞ്ഞു. സൈനിക ഡോക്ടർമാരും ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിലാണ്.ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചനം അറിയിച്ചു.
പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനും റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടതായും ട്രെയിനിന്‍റെ സുരക്ഷാ തകരാറുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ട്രെയിൻ അപകടത്തിൽ പ്രസിഡന്‍റ് ആരിഫ് ആൽവിയും, സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും ദുഖം രേഖപ്പെടുത്തി.