കാഠ്‌മണ്ഡു: കൊവിഡ്-19 സാധ്യത മുൻനിർത്തി നിരവധി പർവതാരോഹകർ അവരുടെ യാത്രാ ബുക്കിങ്ങുകള്‍ റദ്ദാക്കാൻ തുടങ്ങി. മാർച്ച് മുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന പര്‍വതാരോഹണ സീസൺ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങുന്നത് ടൂർ ഓപ്പറേറ്റർമാരെ ആശങ്കയിലാക്കുന്നു. ചൈനയില്‍ നിന്നുള്ള ഏഴ് പേര്‍ ബുക്കിങ് റദ്ദാക്കിയെന്ന് പയനിയർ അഡ്വഞ്ചർ ട്രെക്സിന്‍റെ മാനേജിങ് ഡയറക്‌ടർ പസാംഗ് ഷെർപ പറഞ്ഞതായി ദി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പര്‍വതാരോഹകര്‍ ഈ സീസണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നേപ്പാളിലെ എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് ഡാംബർ പരജുലി പറഞ്ഞു.
കൊവിഡ് 19; പര്‍വതാരോഹകര്‍ പിന്‍വാങ്ങുന്നു
യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള പര്‍വതാരോഹകര്‍ ഈ സീസണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നേപ്പാളിലെ എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് ഡാംബർ പരജുലി പറഞ്ഞു
കൊവിഡ് -19 ഭീഷണി നിയന്ത്രിക്കുന്നതിനുള്ള അടിയന്തര കർമപദ്ധതി അവതരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ എവറസ്റ്റ് ക്ലൈംബിംഗ് സീസൺ തീർച്ചയായും കടുത്ത വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് സതോരി അഡ്വഞ്ചർ മാനേജിങ് ഡയറക്ടർ റിഷി ഭണ്ഡാരിയും പറഞ്ഞു. ടിബറ്റ് ഭാഗത്തു നിന്ന് എവറസ്റ്റ് കീഴടക്കാൻ പദ്ധതിയിട്ട ആറ് ഇറ്റാലിയൻ പര്‍വതാരോഹകകര്‍ ഇതിനകം തന്നെ ബുക്കിങ് റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ സീസണിന്‍റെ ആദ്യ മാസത്തിൽ നേപ്പാൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. പ്രതിസന്ധി കണക്കിലെടുത്ത് ഓപ്പറേറ്റർമാരുമായും മറ്റ് ബന്ധപ്പെട്ട ഏജൻസികളുമായും സർക്കാർ ഉടൻ ചർച്ച നടത്തുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ മീര ആചാര്യ പറഞ്ഞു.