ബെയ്ജിങ്: സാര്‍സ് കൊറോണ വൈറസുകള്‍ 'ആധുനിക യുഗത്തിലെ ജനിതക ആയുധങ്ങള്‍' ആണെന്നും അവയെ 'കൃത്രിമമായി മുതലെടുത്ത് കൊണ്ട് മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളായി മാറ്റി ജനിതക ആയുധം പോലെ മാറ്റി തുറന്നു വിടാമെന്നും' മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് 2015ല്‍ ചൈനയിലെ ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും എഴുതിയ ഒരു രേഖയില്‍ പറയുന്നതായി വീക്കെൻഡ് ഓസ്‌ട്രേലിയന്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
'സാര്‍സിന്‍റെ അസ്വാഭാവികമായ ഉത്ഭവവും ജനിതക ജൈവായുധങ്ങളാക്കി മാറ്റിയ മനുഷ്യ നിർമിത വൈറസുകളുടെ പുതിയ ഗണങ്ങളും' എന്ന തലക്കെട്ടോട് കൂടി പത്രറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് ജൈവായുധങ്ങള്‍ ഉപയോഗിച്ചായിരിക്കും മൂന്നാം ലോക മഹായുദ്ധമെന്നാണ്. സാര്‍സ് കൊറോണ വൈറസിനെ ആയുധവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ചൈനയുടെ സൈനിക ശാസ്ത്രജ്ഞര്‍ കൊവിഡ്-19 മഹാമാരി പൊട്ടിപുറപ്പെടുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ നടത്തിയിരുന്നു എന്നാണ് ഈ രേഖ വെളിപ്പെടുത്തുന്നത്.
കൊറോണയെ ജൈവായുധമാക്കാൻ ചൈന പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ
ന്യൂസ്.കോം.എയുവില്‍(news.com.au) പ്രസിദ്ധീകരിച്ച വീക്കെൻഡ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ടില്‍ ഓസ്‌ട്രേലിയന്‍ സ്റ്റ്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പീറ്റര്‍ ജന്നിങ്ങ്‌സ് പറയുന്നത് ഈ രേഖ 'വ്യക്തമായ ഒരു തെളിവ്' തന്നെയെന്നാണ്. "കൊറോണ വൈറസിന്‍റെ വിവിധ വകഭേദങ്ങളെ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ചും അവയെ എങ്ങിനെ വിന്യസിക്കാമെന്നതിനെ കുറിച്ചും ചൈനയിലെ ശാസ്ത്രജ്ഞര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്ന കാര്യം ഈ രേഖ വളരെ വ്യക്തമായി നമുക്ക് കാട്ടിതരുന്നു. അതിനാല്‍ വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ് ഇതെന്ന് ഞാന്‍ കരുതുന്നു,'' എന്ന് ജന്നിങ്ങ്‌സ് ന്യൂസ്.കോം.എയുവിനോട് പറഞ്ഞു.
“സൈനിക ആവശ്യത്തിനു വേണ്ടി തയ്യാറാക്കിയ ഒരു രോഗജന്യമായ വൈറസ് അബദ്ധവശാല്‍ പുറത്തുവിട്ടു എന്നുള്ള സാധ്യത തന്നെയാണ് ഇവിടെ ഉറപ്പാകുന്നത്. കൊവിഡ്-19ന്‍റെ ഉറവിടം ഏതാണെന്ന് കണ്ടെത്തുന്നതിന് രാജ്യത്തിന് പുറത്ത് നിന്നുള്ളവർ നടത്തുന്ന അന്വേഷണങ്ങളോടെല്ലാം ചൈന എന്തുകൊണ്ട് വിമുഖത കാട്ടുന്നു എന്ന സംശയത്തിന് ഒരുപക്ഷെ ഈ രേഖ വിശദീകരണമാണ്. ഏതെങ്കിലും മാംസ വിപണിയില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പെട്ടത് എങ്കില്‍ ചൈന ഈ അന്വേഷണങ്ങളോട് തീര്‍ച്ചയായും സഹകരിക്കുവാന്‍ സന്നദ്ധരായി മുന്നോട്ട് വരുമായിരുന്നു..." എന്നാല്‍ അതിന് നേരെ വിപരീതമായ കാര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ജന്നിങ്ങ്‌സ് കൂട്ടിച്ചേർത്തു.
സൈബര്‍ സുരക്ഷാ വിദഗ്ധൻ റോബര്‍ട്ട് പോര്‍ട്ടറിന്‍റെ വിശകലനം
ചൈനയുടെ അധികാരികളിൽ നിന്നും പുറത്തായ രേഖ വിശകലനം ചെയ്ത സൈബര്‍ സുരക്ഷാ വിദഗ്ധൻ റോബര്‍ട്ട് പോര്‍ട്ടറെ കൊണ്ടാണ് ദി ഓസ്‌ട്രേലിയന്‍ എന്ന പത്രം രേഖകള്‍ പരിശോധിപ്പിച്ചത്. ഈ രേഖ വ്യാജമല്ലെന്നുള്ളത് ഉറപ്പാണെന്ന് റോബര്‍ട്ട് പോര്‍ട്ടര്‍ പറഞ്ഞതായി ന്യൂസ്.കോം.എയു റിപ്പോര്‍ട്ട് ചെയ്യുന്നു.