ന്യൂഡൽഹി: ലോകരാജ്യങ്ങൾ കൊവിഡിനെതിരെ പോരാടുന്ന സാഹചര്യത്തിൽ, ചൈന തങ്ങൾക്ക് നഷ്‌ടമായ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. രാജ്യത്തിലെ സാംസ്‌കാരിക കലാകാരന്മാരെ ഉപയോഗിച്ചാണ് ആഗോളതലത്തിൽ നിന്നുള്ള തിരിച്ചടികൾ ചൈന നേരിടുന്നത്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാൻ, മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ അറിയിച്ച് എത്തിയപ്പോഴും ആളുകളുടെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. ഇന്ത്യക്കാരോടുള്ള തന്‍റെ 'സ്നേഹവും ആശംസകളും' ഒപ്പം വൈറസ് പോരാട്ടത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയും നടൻ ജാക്കി ചാൻ അടുത്തിടെ ഒരു വീഡിയോയിലൂടെ അറിയിച്ചിരുന്നു. താരത്തിന്‍റെ സന്ദേശം ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവക്കുകയും ചെയ്‌തു.
പ്രീതി പിടിച്ചു പറ്റാൻ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നുവെന്ന് വിമർശനം - ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്
കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ലാതിരുന്നതിനാൽ ചൈന അന്താരാഷ്ട്ര വിമർശനങ്ങൾ നേരിടുകയാണ്. ഈ സാഹചര്യത്തിൽ സാംസ്‌കാരിക കലാകാരന്മാരെ ഉപയോഗിച്ച് ചൈന പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നാണ് ജാക്കി ചാന്‍റെ ട്വിറ്റർ സന്ദേശത്തിന് പലരും മറുപടി നൽകിയത്
നീല നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ ജാക്കി ചാൻ നമസ്‌തേ പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. "ഞാൻ ജാക്കി ചാൻ. ഇന്ത്യയിലെ എല്ലാവർക്കും എന്‍റെ സ്നേഹവും ആശംസകളും. നാമെല്ലാവരും ഇപ്പോൾ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇപ്പോൾ നമ്മളെല്ലാവരും പോസിറ്റാവായി ഇരിക്കുകയാണ് വേണ്ടത്. ഒപ്പം നിങ്ങളുടെ രാജ്യത്തിന്‍റെ ഉപദേശവും പിന്തുടരുന്നു. സ്വയം പരിരക്ഷിക്കുകയും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും വേണം," അദ്ദേഹം പറഞ്ഞു. താരത്തിന്‍റെ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് ആരാധകർ എത്തിയെങ്കിലും ചൈനീസ് നടനെ എതിർത്തും ചിലർ കമന്‍റ് ചെയ്‌തു. അനുകമ്പയും പരിചരണവും പ്രവർത്തനങ്ങളിൽ ആണ് കാണിക്കേണ്ടതെന്ന് ചിലർ ട്വീറ്റിന് മറുപടി നൽകി. ജാക്കി ചാന്‍റെ വീഡിയോക്ക് മറ്റൊരാൾ പ്രതികരിച്ചത് ഇത് ചൈനയുടെ നാടകമാണെന്നാണ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ലാതിരുന്നതിനാൽ ചൈന അന്താരാഷ്ട്ര വിമർശനങ്ങൾ നേരിടുകയാണ്. ഈ സമയത്ത് ചൈനീസ് സർക്കാർ ബാക്കിയുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇതുവഴി സൃഷ്‌ടിക്കുന്നതെന്നും വിമർശനങ്ങൾ ഉയർന്നുവരുന്നു.