ബെയ്‌ജിങ്: അമേരിക്ക ശീതയുദ്ധ മാനസികാവസ്ഥയും പക്ഷപാതപരമായ സമീപനവും ഉപേക്ഷിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലെ യുഎസ് ഇടപെടൽ ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അത് ചൈനയുടെ താൽപര്യങ്ങളെ ബാധിക്കുകയും അമേരിക്ക-ചൈന ബന്ധം ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ ചൈന യുദ്ധതന്ത്ര റിപ്പോർട്ടിന് മറുപടിയായാണ് ഷാവോ ഇക്കാര്യം വ്യക്തമാക്കിയത്.
2017 ൽ പുറത്തിറക്കിയ യുഎസ് ദേശീയ സുരക്ഷാ തന്ത്ര റിപ്പോർട്ടിന് സമാനമാണ് പുതിയ റിപ്പോർട്ട്. ചൈനയുടെ രാഷ്‌ട്രീയ വ്യവസ്ഥയെ വളച്ചൊടിക്കുകയാണ് റിപ്പോർട്ടിന്‍റെ ലക്ഷ്യം. ചൈനക്കെതിരെയുള്ള അമേരിക്കയുടെ കടുത്ത നയത്തിന്‍റെ മുന്നോടിയാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും, രാജ്യത്തിന്‍റെ താൽപര്യങ്ങൾ തടയുകയും ചെയ്യുന്ന അമേരിക്കയുടെ തെറ്റായ സമീപനത്തിന് ചൈനീസ് സർക്കാർ ആവർത്തിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും, ശക്തമായി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഷാവോ അറിയിച്ചു.