ബീജിംഗ്:ആഫ്രിക്കൻ പന്നിപ്പനി (എ.എസ്.എഫ്)യെ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള പന്നികൾ, കാട്ടുപന്നി, പന്നി ഇറച്ചി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന.
ഇന്ത്യയിൽ നിന്ന് പന്നികൾ, കാട്ടുപന്നി, അനുബന്ധ ഉൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ ചൈനയുടെ കസ്റ്റംസ് ഓഫ് ജനറൽ അഡ്മിനിസ്ട്രേഷനും കാർഷിക ഗ്രാമകാര്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നതായി ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ബീജിംഗും ഡൽഹിയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലാണ് നിരോധനം. ഗാൽവാൻ വാലി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് നിരോധനം ഉണ്ടായതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ അതിർത്തിയിൽ ഇന്ത്യ നിയമവിരുദ്ധമായി പ്രതിരോധ സൗകര്യങ്ങൾ നിർമ്മിച്ചതായി ചൈന ആരോപിച്ചിരുന്നു.