ബെയ്‌ജിങ്: കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈന സിൻജിയാങ്ങിലേക്ക് മെഡിക്കൽ വിദഗ്‌ധരെ അയച്ചു. സിൻജിയാങ്ങിലെ ഉറുംകിയിൽ കൊവിഡ് കേസുകളുടെ എണ്ണം 17 ആയി ഉയർന്നതോടെയാണ് സർക്കാരിന്‍റെ നീക്കം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 11 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 269 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. ഇതിൽ 23 പേർക്ക് രോഗലക്ഷണങ്ങളില്ല. എന്നാൽ സ്ഥിരീകരിച്ച കേസുകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. സിൻജിയാങ്ങിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേശീയ ആരോഗ്യ കമ്മീഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വുഹാനിൽ നിന്ന് ശനിയാഴ്‌ച രാവിലെ ഉറുംകിയിലെത്തി. 21 മെഡിക്കൽ വിദഗ്‌ധരാണ് സംഘത്തിലുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷം; സിൻജിയാങ്ങിലേക്ക് മെഡിക്കൽ വിദഗ്‌ധരെ അയച്ചു - സിൻജിയാങ്
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേശീയ ആരോഗ്യ കമ്മീഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സിൻജിയാങ്ങിലെത്തി
3.5 ദശലക്ഷം ജനങ്ങളാണ് ഉറുംകിയിലുള്ളത്. എല്ലാ പ്രദേശങ്ങളും അടക്കുകയും പൊതുസമ്മേളനങ്ങൾ നിരോധിക്കുകയും ചെയ്‌തു. നഗരങ്ങളിലുള്ളവർ പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടം വ്യക്തമല്ല. സിൻജിയാങ്ങിലെ രോഗികളുടെ ഉറവിടം തിരിച്ചറിയുന്നതിനായി ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തണമെന്ന് പ്രാദേശിക ആരോഗ്യ സമിതി ആവശ്യപ്പെട്ടു. ടിയാൻഷാൻ ജില്ലയിലെ ഷോപ്പിങ് സെന്‍ററിലെ ജീവനക്കാരിക്കാണ് ആദ്യമായി നഗരത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങളെ തുടർന്ന് ഇവരെ ചൊവ്വാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം കൊവിഡ് സ്ഥിരീകരിച്ചു.