ചൈന: മാസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം കൊവിഡിനെ പിടിച്ച് കെട്ടിയ ചൈനയില്‍ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍ വിദേശത്ത് നിന്ന് എത്തിയവരില്‍ 16 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതായി അധികൃതർ അറിയിച്ചു. കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനില്‍ ഇതോടെ ഒറ്റ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം 67 ആയി ഉയർന്നു.
ചൈന മെയ്ൻലാൻഡില്‍ പ്രാദേശികമായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ 67 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് അനുസരിച്ച് 47 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
ചൈനീസ് പ്രവിശ്യകളായ ഹൂബെ, വുഹാൻ എന്നിവിടങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നുണ്ട്. ഹുബെയില്‍ ബുധനാഴ്‌ച മാത്രം ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ചൈനയിലെ മരണസംഖ്യ 3287 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81,285 ആയി. ജനുവരി മുതല്‍ ഉള്ള കണക്ക് പ്രകാരം ഹുബെയിലും വുഹാനിലുമായി 3,169 പേർ മരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ വുഹാനിലാണ് ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 914 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്നും 287 പേർ ഗുരുതരാവസ്ഥയിലാണെന്നും ഹൂബെ ആരോഗ്യ കമ്മിഷൻ അറിയിച്ചു. പ്രവിശ്യയിൽ ഇതുവരെ 67,801 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 50,006 കേസുകൾ വുഹാനിലാണ്.
ബുധനാഴ്ചത്തെ കണക്കനുസരിച്ച് ചൈനയില്‍ സ്ഥിരീകരിച്ച കേസുകൾ 81,285 ആയി. ഇതിൽ 3,287 പേർ രോഗം ബാധിച്ച് മരിച്ചു. 3,947 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. 74,051 രോഗികൾ സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തു. ഹോങ്കോങ്ങിൽ ഇതുവരെ നാല് മരണങ്ങൾ ഉൾപ്പെടെ 410 കേസുകൾ റിപ്പോർട്ട് ചെയ്തു. മക്കാവോ എസ്‌എആറിൽ 30 കേസുകളും തായ്‌വാനിൽ 235 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒൻപത് ആഴ്‌ചത്തെ ലോക്ക്‌ഡൗണിന് ശേഷം വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കഴിഞ്ഞ ദിവസം ബസ് സർവീസുകൾ പുനരാരംഭിച്ചു.
11 ദശലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള വുഹാനിലെ ലോക്ക്‌ഡൗൺ ഏപ്രില്‍ 8ന് പൂർണമായും അവസാനിക്കും. ഏപ്രില്‍ 8 മുതല്‍ അന്താരാഷ്ട്ര വിമാന സർവീസുകളും ബീജിങ്ങിലേക്കും പുറത്തേക്കും ഉള്ള സർവീസുകളും ഒഴികെയുള്ള വിമാന സർവീസുകൾ വുഹാനില്‍ നിന്ന് പുനരാരംഭിക്കും. വുഹാനില്‍ കൊവിഡ് -19 വൈറസ് ബാധ വ്യാപിക്കുന്നതിനുള്ള അപകടസാധ്യത സർക്കാർ ഉയർന്നതിൽ നിന്ന് ഇടത്തരത്തിലേക്ക് താഴ്ത്തിയതായി അധികൃതർ അറിയിച്ചു.