ബെയ്‌ജിങ്: വിദ്യാർഥികൾ ഉൾപ്പെടെ ചൈനീസ് പൗരന്മാരുടെ സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്ന നിയമനിർമാണം നടത്തി ചൈനീസ് സർക്കാർ. കുട്ടികൾ വീഡിയോ ഗെയിം കളിക്കാനെടുക്കേണ്ട സമയം, ടെലിവിഷൻ കാണേണ്ട സമയം, എന്തെല്ലാം പരിപാടികൾ കുട്ടികൾ കാണണം, താരാരാധന എവിടെ വരെയാകാം തുടങ്ങിയവ സംബന്ധിക്കുന്ന നിയമനിർമാണമാണ് ചൈനീസ് സർക്കാർ നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വിനോദ പരിപാടികളിൽ അടക്കം നിയന്ത്രണം കൊണ്ടുവരുന്നതോടെ ജനങ്ങൾക്ക് തീരുമാനമെടുക്കാവുന്ന സാഹചര്യങ്ങൾ കുറഞ്ഞു വരികയാണെന്ന് ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡാലി യാങ് അഭിപ്രായപ്പെട്ടു. സ്‌ത്രൈണയുള്ള പുരുഷന്മാരെ ടെലിവിഷൻ പരിപാടികളിൽ നിന്ന് നിരോധിക്കുന്നത് അടക്കമുള്ള നിയമങ്ങൾ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനയിലെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിന്‍റെ ഭാഗമാണ് സർക്കാർ തീരുമാനമെന്ന് പൊളിറ്റിക്കൽ അനലിസ്റ്റ് വു സിയാങ് പറഞ്ഞു.