ബെയ്‌ജിങ്:ചൈനയിലെ ഏറ്റവും പ്രമുഖ തീം പാർക്കായ ഷാങ്ഹായ് ഡിസ്‌നിലാൻഡ് വീണ്ടും തുറന്നു. രാജ്യത്ത് 17 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് പാര്‍ക്ക് തുറക്കുന്നത്.
കൊവിഡ് കേസുകളിൽ കുറവുണ്ടായതിനെ തുടർന്നാണ് ചൈന വിനോദ കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നല്‍കിയത്. കൊവിഡ് വ്യാപനത്തിന് ശേഷം വീണ്ടും തുറന്ന ലോകത്തിലെ ആറ് ഡിസ്‌നിലാൻഡ് തീം പാർക്കുകളിൽ ആദ്യത്തേതാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില്‍ ജനുവരി അവസാനം ഷാങ്ഹായ് ഡിസ്‌നി റിസോർട്ട് താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഡിസ്‌നിലാൻഡ് വീണ്ടും തുറക്കുമ്പോൾ ടിക്കറ്റ് വിൽപന 30 ശതമാനം പരിമിതപ്പെടുത്തിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ് ഓൺലൈൻ വഴി മാത്രമാണുള്ളത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിൽ മാരകമായ കൊറോണ വൈറസ് പൊട്ടിപ്പെടുകയും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്‌തത്. നിലവിലത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ മേഖലയിലുമുള്ള നിയന്ത്രണങ്ങൾക്ക് ചൈന ഇളവ് വരുത്തിയിട്ടുണ്ട്. ജിമ്മുകളും മറ്റ് വിനോദ കേന്ദ്രങ്ങളും ക്രമേണ തുറക്കും. അതേസമയം കൊവിഡ് കേസുകൾ ചൈനയില്‍ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്‍റെ കണക്കനുസരിച്ച് ഞായറാഴ്ച 17 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ ഏഴെണ്ണം വിദേശത്ത് നിന്നെത്തിയവര്‍ക്കാണ്. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തില്‍ നിന്ന് അഞ്ച് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ മാസമാണ് പ്രദേശത്തെ ലോക്ക് ഡൗൺ നീക്കിയത്.
കൊവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിച്ചതിനെത്തുടർന്ന് ഉത്തര കൊറിയയുടെ അതിർത്തിയിലുള്ള ജിലിൻ പ്രവിശ്യയിലെ ഷുലാൻ നഗരത്തില്‍ സൈനികനിയമം ഏർപ്പെടുത്തി. നഗരത്തിൽ ശനിയാഴ്ച 11 കേസുകളും ഞായറാഴ്ച മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്‌തു. രോഗലക്ഷണമില്ലാതെയാണ് 12 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് സംശയിച്ച് 780 പേരാണ് ചൈനയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചൈനയിൽ 82,918 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 141 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് 4,633 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.