ന്യൂഡൽഹി:അതിവേഗം പടരുന്ന കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് 250 ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യ. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വുഹാന്‍, ഹുബെ എന്നിവിടങ്ങളിലുള്ള വിദേശീയരെ തിരികെ അയക്കാനാണ് ചൈനയുടെ നീക്കം. ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ അധികൃതര്‍ ഇന്നലെ വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. ക്യബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ചൈനയിലെ അന്താരാഷ്ട്ര തുറമുഖങ്ങളിലും നേപ്പാൾ അതിർത്തിയിലുടനീളമുള്ള സംയോജിത ചെക് പോസ്റ്റുകളിലും ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വുഹാൻ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരോട് അഭ്യർത്ഥിക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം. അതനുസരിച്ച് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരോട് അഭ്യർത്ഥന നടത്തുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.