ടോക്കിയോ:മ്യാൻമറിലെ സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ജപ്പാനിൽ താമസിക്കുന്ന മ്യാൻമര്‍ സ്വദേശികള്‍ മാര്‍ച്ച് നടത്തി. ആങ് സാൻ സൂചിയുടെ ഫോട്ടോയും മനുഷ്യാവകാശ ലംഘനങ്ങളുടെ പോസ്റ്ററുകളും ഉയര്‍ത്തിക്കാട്ടിയാണ് ആയിരക്കണക്കിന് പേര്‍ ടോക്കിയോയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. 33,000 ഓളം മ്യാൻമര്‍ സ്വദേശികള്‍ ജപ്പാനിലുണ്ടെന്നാണ് കണക്ക്.
മ്യാൻമര്‍ സൈനിക അട്ടിമറിക്കെതിരെ ജപ്പാനിലും പ്രതിഷേധം നഗരത്തിലെ തിരക്കേറിയ തെരുവുകളിലൂടെയടക്കം സമാധാനപരമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ഒരു പ്രതിഷേധ റാലിക്ക് ടോക്കിയോ സാക്ഷിയാകുന്നത്. ജപ്പാൻ ഏകാധിപത്യത്തിലേക്ക് പോവുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മ്യാൻമറിലെ ഭരണമാറ്റം അയല്‍രാജ്യങ്ങളില്‍ കഴിയുന്ന മ്യാൻമര്‍ സ്വദേശികളുടെ ജീവിതത്തെയും ബാധിക്കുമെന്നും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടോക്കിയോയില്‍ മ്യാൻമര്‍ സ്വദേശികള്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ദിവസം കഴിയുന്തോറും മാര്‍ച്ചിന് ജനപിന്തുണയേറുകയാണ്. ജപ്പാനിലെ പല തൊഴിലാളി സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാൻ അന്താരാഷ്‌ട്ര തലത്തില്‍ മ്യാൻമറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.