കേരളം

kerala

ETV Bharat / international

പറയപ്പെടാത്ത കഥകളുമായി യുദ്ധമേഖലകളിലെ പെണ്‍ ജീവിതങ്ങള്‍ - Behind every veil there is a human desire to fulfil

സിറിയ, ഇറാഖ്, യെമന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ ജീവിതത്തിലൂടെ

Behind every veil there is a human desire to fulfil പറയപ്പെടാത്ത കഥകളുമായി യുദ്ധമേഖലകളിലെ പെണ്‍ ജീവിതങ്ങള്‍ സിറിയ ഇറാഖ് Behind every veil there is a human desire to fulfil women in war zones
പറയപ്പെടാത്ത കഥകളുമായി യുദ്ധമേഖലകളിലെ പെണ്‍ ജീവിതങ്ങള്‍

By

Published : Mar 17, 2020, 6:35 PM IST

സത്യവും, അതു കഴിഞ്ഞാല്‍ സ്ത്രീയുമാണ് ഒരു യുദ്ധത്തില്‍ ഒന്നും രണ്ടും ഇരകള്‍. യുദ്ധം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന സിറിയ, ഇറാഖ്, യെമന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സ്‌ത്രീകളുടെ ദുരവസ്ഥ ഇതാണ്. രാഷ്‌ട്രീയ ആഖ്യാനങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ മറഞ്ഞു കിടക്കുന്ന പറയപ്പെടാതെ പോയ കഥകളാണ് സ്‌ത്രീകളുടെ ഈ ദുരവസ്ഥ. മത-രാഷ്‌ട്രീയ സംവാദങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് അതിവേഗം വശംവദയാകും തങ്ങളെന്ന് തിരിച്ചറിയുന്ന ചില സ്‌ത്രീകള്‍ എന്നിട്ടും സുരക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ചേക്കേറും. താലിബാന്‍റെ പിടിയിലായിരുന്ന അഫ്ഘാനിലെ ചില മേഖലകളില്‍ സംഭവിച്ചതു പോലെ.

ഏതാനും ചില പ്രവിശ്യകള്‍ ഒഴിച്ച്, മൊത്തം അഫ്ഗാനിസ്ഥാനും, പ്രത്യേകിച്ച് പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യകളില്‍, സ്‌ത്രീകള്‍ തങ്ങളുടെ യഥാര്‍ഥ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമായി പൗരാണിക ജീവിത ശൈലി സ്വീകരിക്കേണ്ടി വരും. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ സ്‌ത്രീകളുടെ അതേ അവസ്ഥ തന്നെയായിരിക്കും അവര്‍ക്ക്. ഈ മേഖലകളിലെ സ്‌ത്രീകള്‍ പുരുഷന്മാര്‍ക്ക് ലഭിച്ചു വരുന്ന സ്വാതന്ത്ര്യത്തോടു കൂടിയുള്ള സംസ്‌കാരം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അവിടുത്തെ ഭരണകൂടങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല. മിക്ക സ്‌ത്രീകളും അവരുടെ അഞ്ജത മൂലം കരുതുന്നത് അവരുടെ ജീവിത രീതി മത വിശ്വാസത്തിന്‍റെ ഭാഗമായിട്ടുള്ളതാണ് എന്നാണ്. ഇസ്ലാമിക നീതി വ്യവസ്ഥ പ്രകാരം സ്‌ത്രീകള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയിരിക്കുന്ന തുല്യതയില്ലാത്ത, അവരുടെ ശാരീരികമായ വ്യത്യാസങ്ങള്‍ക്ക് അനുസൃതമാണെന്ന് വാദിച്ചുണ്ടാക്കിയ അവകാശങ്ങളെ പോലും അവര്‍ ഈ രീതിയിലാണ് കണ്ടു വരുന്നത്.

അപഹാസ്യമായ വിശ്വാസങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഭാഗമായിരിക്കുന്നു. ദശാംബ്‌ദങ്ങളും നൂറ്റാണ്ടുകളുമായി ഇത്തരം സാഹചര്യത്തിന്റെ കീഴിലാണ് സ്‌ത്രീകള്‍ ജീവിക്കുന്നത്. പുരുഷന്മാര്‍ക്ക് ഇവിടെ ഇഷ്‌ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കാം. സ്‌ത്രീകള്‍ക്കാകട്ടെ പുരുഷ മേധാവിത്വത്തോടെയുള്ള കുടുംബ വ്യവസ്ഥയുടെ അംഗീകാരം ഇതിനു കൂടിയേ തീരൂ. പുരുഷന്മാര്‍ക്ക് തങ്ങളുടെ വികാര വിചാരങ്ങള്‍ പ്രകടമാക്കാം, പക്ഷെ സ്ത്രീകള്‍ അവ തങ്ങളില്‍ തന്നെ ഒതുക്കി വെച്ചുകൊള്ളണം. പാപത്തിന്‍റെ നിര്‍വചനത്തിനു പോലും ഇവിടെ പല തലങ്ങളാണുള്ളത്. പുരുഷനാണ് പാപം ചെയ്യുന്നതെങ്കില്‍ അതിനു നല്‍കേണ്ട വില മറ്റൊന്നാണ്. അതേ സമയം സ്ത്രീകള്‍ പാപം ചെയ്താല്‍ അത് അവര്‍ക്ക് തീരാ നഷ്ടമായിരിക്കും വരുത്തി വെക്കുന്നത്. ഈ ദുരവസ്ഥ കഴിഞ്ഞ രണ്ട് ദശാംബ്‌ദങ്ങളില്‍ ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് യുദ്ധത്താല്‍ പൊറുതി മുട്ടിയിരിക്കുന്ന അഫ്ഗാനിസ്ഥാനിലാണ്.

താലിബാന്‍ ഭരണകാലത്ത് തങ്ങളുടെ കുടുംബത്തെ പിന്തുണക്കുന്നതിനായി ജോലി ചെയ്യുവാന്‍ സ്‌ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു. പുരുഷന്മാര്‍ക്കൊപ്പം അവര്‍ക്ക് സ്കൂളുകളില്‍ പോകാന്‍ പോലും കഴിയുമായിരുന്നില്ല. തങ്ങളുടെ ആവിഷ്‌കാരങ്ങള്‍ സ്വാതന്ത്ര്യത്തോടെ രേഖപ്പെടുത്തുവാന്‍ ഒരു വേദി എന്നത് അവരെ സംബന്ധിച്ചിടത്തോളം വിലക്കപ്പെട്ട കനിയായിരുന്നു. മുഖങ്ങള്‍ക്ക് പുറമെ സ്‌ത്രീകളുടെ ശബ്‌ദവും അപരിചിതര്‍ക്ക് മുന്നില്‍ കേള്‍ക്കാന്‍ പാടില്ലായിരുന്നു. അറബ് രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയും ഇതു തന്നെയാണ്. അടിയന്തര ഘട്ടങ്ങളില്‍ പോലും തങ്ങളുടെ കുടുംബാംഗങ്ങളെ വാഹനങ്ങളില്‍ കയറ്റി ഓടിച്ചു കൊണ്ടുപോകുവാന്‍ സ്ത്രീകളെ അനുവദിക്കുന്നില്ല. ഇത്തരം നിഷേധങ്ങള്‍ക്കെതിരെ ഒരു വിപ്ലവം പൊട്ടിപുറപ്പെടേണ്ടതും മാറ്റങ്ങള്‍ സംഭവിക്കേണ്ടതുമാണ്.

ഇത്തരം മേഖലകളില്‍ ദശാബ്‌ദങ്ങളായി സ്ത്രീകള്‍ അകപ്പെട്ടിരുന്ന വേലിക്കെട്ടുകള്‍ പൊളിച്ച് പുറത്തു വരുവാന്‍ സ്ത്രീകളെ സഹായിക്കുന്നത് ആധുനിക സാഹിത്യത്തിലൂടെ കൈവരുന്ന വ്യക്തിത്വം എന്ന ആശയവും സാംസ്‌കാരിക ഇസ്ലാമിനെ കുറിച്ചുള്ള ആധുനിക വ്യാഖ്യാനവുമാണ്. പുരുഷ മേധാവിത്വ വ്യവസ്ഥയുടെ അടിച്ചേല്‍പ്പിക്കല്‍ രീതികളും ഒരു പരിധി വരെ ഇതൊന്നും പ്രതിരോധിക്കാതെ നിലകൊള്ളുന്ന നിലപാടുകളുമാണ് സ്ത്രീകളുടെ ഈ ദുരവസ്ഥക്ക് ഭാഗികമായ കാരണം. അറിവിന്റെ ചക്രവാളം ഇവര്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നില്ല എന്നുള്ളതും ഒരു പരിധി വരെ മാറ്റങ്ങള്‍ക്ക് തടസമായി നിലകൊണ്ടു. വിരോധാഭാസം എന്നു പറയട്ടെ, യുദ്ധം ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങള്‍ക്ക് കാരണമായി. ഇത് മറ്റിടങ്ങളിലെ പുതിയ ജീവിത ശൈലികളിലേക്ക് വ്യവസ്ഥാപിത രീതികളില്‍ നിന്നുള്ള മാറ്റത്തിനു കാരണമാവുകയും ചെയ്തു.

അതേ സമയം തന്നെ, ചില ആളുകള്‍ കുടിയേറാന്‍ തയ്യാറാകാതെ സ്വന്തം മണ്ണിലേക്ക് തന്നെ മാറ്റത്തെ എത്തിച്ചു കൊണ്ട് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാറ്റത്തെ എതിര്‍ക്കുന്ന ശക്തികളെ എല്ലാം ധീരമായി നേരിട്ടുകൊണ്ട് താലിബന്‍ ഭരണകാലത്ത് കാബൂള്‍ വിട്ടുപോകുവാന്‍ കൂട്ടാക്കാതെ തനിക്ക് ഇഷ്‌ടപ്പെട്ട ജീവിത ശൈലി സ്വീകരിച്ചുകൊണ്ട് ജീവിച്ച മയേന ഹബീബി അവരില്‍ ഒരാളാണ്. കാബൂളിലെ അതിവിദൂരമായ കുഗ്രാമങ്ങളില്‍ ഒന്നില്‍ നിന്നും വന്ന ഈ താജിക് സ്ത്രീ അടിച്ചമര്‍ത്തലിന്റേയും സ്വാധീനപ്പെടുത്തലിന്റേയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രയാകുവാന്‍ തീരുമാനിച്ചു. തീരെ ദരിദ്രമായ ഒരു സാഹചര്യത്തില്‍ നിന്നാണ് അവര്‍ വളര്‍ന്നു വന്നതെങ്കിലും വസ്ത്രധാരണത്തിലൂടെ അവര്‍ അതിനെ മറച്ചു വെച്ചു. താലിബന്‍ ഭരണകാലത്ത് പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യുക എന്നുള്ളത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരുന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷം മയേന ഒരു വാര്‍ത്താ മാസികയില്‍ ചേരുകയും ടെലിവിഷനില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. തന്റെ ബാഹ്യരൂപം മിനുക്കിയെടുക്കുക ഈ തൊഴിലിനെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും ബുര്‍ഖക്കുള്ളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ മാത്രമുള്ള ഒരു രാജ്യത്ത് മേക്കപ്പിട്ടും ജീന്‍സും ടോപ്പുമണിഞ്ഞും ഹബീബി ഒരു ശക്തമായ സന്ദേശമാണ് നല്‍കിയത്. തന്റെ മുടിയിലും അവര്‍ നിറം കൊടുത്തു. അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം മേഖലകളിലും താലിബന്റെ കരാള ഹസ്തങ്ങള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരവസ്ഥയില്‍ അതൊരു ധീരമായ നടപടി തന്നെയായിരുന്നു. കാബൂള്‍ നഗരത്തിലെ മുഖ്യഭാഗത്ത് ജീവിച്ചു വന്ന അവര്‍ രാവിലെ 7 മണിയാകുമ്പോള്‍ ഓഫീസിലേക്ക് പോകും. മുജാഹിദീനില്‍ നിന്നും താലിബാനിലേക്കും പിന്നീട് ഇപ്പോള്‍ കാണുന്ന യു.എസ് പിന്തുണയോടെയുള്ള അഷ്റഫ് ഗനി ഭരണത്തിലേക്കും അഫ്ഗാന്‍ രാഷ്ട്രീയഭാവി കൈമറഞ്ഞു പോകുന്നത് ഹബീബി കണ്ടു.നിലവിലുള്ള സര്‍ക്കാര്‍ അവര്‍ക്ക് സ്വസ്ഥത നല്‍കുന്നു എങ്കിലും അതിന്റെ നേതാക്കളില്‍ ആരെക്കുറിച്ചും അവര്‍ക്ക് നല്ല അഭിപ്രായം ഒന്നുമില്ല. ഏറെ പാത്തും പതുങ്ങിയുമാണെങ്കിലും അമ്മയില്‍ നിന്നല്ലാതെ കുടുംബത്തില്‍ നിന്ന് മറ്റാരില്‍ നിന്നും അവര്‍ക്ക് പിന്തുണ ലഭിച്ചില്ല. അവര്‍ ചെയ്യുന്ന ജോലിയും പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവര്‍ ഇടപഴകുന്നതും ഇഷ്ടപ്പെടുകയോ അംഗീകരിക്കുകയോ ചെയ്തില്ല അവരുടെ പിതാവ്. അതിനാലാണ് അവര്‍ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിന്‍റെ പിന്തുണയുമില്ലാതെ കാബൂളിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ കഴിയുകയാണ് അവര്‍.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബുര്‍ഖ അണിയാത്ത സ്ത്രീകളെ സ്വീകരിക്കുവാന്‍ തയ്യാറല്ലാത്ത സമൂഹത്തിന്റെ വിദ്വേഷത്തില്‍ നിന്നും മോചിതയാകുവാന്‍ വേണ്ടി സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അവരും ബുര്‍ഖ ധരിച്ചത്. ഹബീബിയെ പോലെ നിരവധി പക്തൂണ്‍ പെണ്‍കുട്ടികളും ഇന്ന് കാബൂളിലെ ചിലയിടങ്ങളില്‍ പുത്തന്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. കാബൂള്‍ സര്‍വ്വകലാശാലയിലെ മൂന്നാം വര്‍ഷ മനശാസ്‌ത്ര വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടി ഇന്ന് വ്യത്യസ്‌തമായ ജീവിതമാണ് നയിക്കുന്നത്. പക്ഷെ സ്‌ത്രീകള്‍ക്ക് ഇന്ന് ലഭിച്ചു വരുന്ന ആ മാറ്റം കണ്ടു വരുന്ന അവര്‍ അത് നീണ്ടു നില്‍ക്കണമേ എന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലും അത് പുതിയ അനുഭവങ്ങള്‍ കൊണ്ടു വരണമേ എന്നും പ്രതീക്ഷിക്കുന്നു.

ഓരോ മനുഷ്യ ഹൃദയവും അതിവൈകാരികതയോടുകൂടി ചില ആഗ്രഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നു എന്നുള്ളതാണ് ഇവിടെ പറഞ്ഞു വരുന്ന വസ്തുത. അതിനാല്‍ ലിംഗാതിര്‍ത്തികളെ അംഗീകരിക്കാതിരിക്കുകയോ, അത്തരം അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ അനുവദിക്കാതിരിക്കുകയോ, മറ്റുള്ളവരുടെ അഭിലാഷങ്ങളെ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന സംഹിതകളുടെയൊ വികാരങ്ങളുടെ യാഥാര്‍ഥ്യത്തെ തിരിച്ചറിയേണ്ടത് സമൂഹത്തിന്‍റെ ബാധ്യതയാണ്. നിയന്ത്രണം സംഭവിക്കേണ്ടത് സര്‍വ്വം മറച്ചുവെച്ചുകൊണ്ടുള്ള ജീവിതത്തിലാണ്. ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വേര്‍തിരിവ് ഉണ്ടാകാന്‍ പാടില്ല. ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ജീവിതമോ ഒരു ജീവിത ശൈലിയോ തീരുമാനിക്കപ്പെടാനും പാടില്ല.

ABOUT THE AUTHOR

...view details