കേരളം

kerala

ETV Bharat / international

മോദി-ഹസീന കൂടിക്കാഴ്ച; എന്‍ആര്‍സി ചര്‍ച്ചയായേക്കും

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഞ്ചിന് ഇന്ത്യയിലെത്തും. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ബംഗ്ലാദേശ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും തുടര്‍നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കും.

മോദി-ഹസീന കൂടിക്കാഴ്ച; എന്‍ആര്‍സി ചര്‍ച്ചയായേക്കും

By

Published : Oct 1, 2019, 3:37 AM IST

Updated : Oct 1, 2019, 4:34 AM IST

ഹൈദരാബാദ്: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഹസീന ഇന്ത്യയിലെത്തുന്നത്. ആഗോള സാമ്പത്തിക ഫോറത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ഹസീനയുടെ സന്ദര്‍ശനം. വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തുന്ന ഹസീന സാമ്പത്തിക രംഗത്തെ ബംഗ്ലാദേശിന്‍റെ നേട്ടങ്ങളെക്കുറിച്ച് ഉച്ചകോടിയില്‍ സംസാരിക്കും. സാമ്പത്തിക ഉച്ചകോടിയേക്കാളും ശ്രദ്ധേയമാകുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഹസീന നടത്താന്‍ പോകുന്ന അനൗദ്യോഗിക കൂടിക്കാഴ്ചയാണ്. അസമില്‍ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററും തുടര്‍നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കും.

ഇരു നേതാക്കളും ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 74ാമത് പൊതുസഭയില്‍ സംസാരിച്ചിരുന്നു. ഇന്ത്യ നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍ ബംഗ്ലാദേശിന് ആശങ്കയുള്ളതായി ഷെയ്ഖ് ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സമ്മേളന വേദിയില്‍ നരേന്ദ്ര മോദിയും ഹസീനയും അനൗപചാരിക ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ യോഗ ശേഷം പുറത്തുവിട്ട വിദേശകാര്യ മന്ത്രാലത്തിന്‍റെ പ്രസ്താവനയില്‍ എന്‍ആര്‍സി സംബന്ധിച്ച ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍തന്നെ ഹസീന ഇന്ത്യയിലെത്തുമ്പോള്‍ എന്‍ആര്‍സി വിഷയവും സജീവമാകുകയാണ്.

എന്‍ആര്‍സി വിഷയത്തില്‍ ബിജെപി, ആർ‌എസ്‌എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ സസൂഷ്മം ബംഗ്ലാദേശ് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും പുറത്ത് പോകേണ്ടി വരുന്നവരുടെ കുടിയേറ്റവും പുനരധിവാസവും ഏത് തരത്തില്‍ നേരിടണമെന്നതില്‍ ബംഗ്ലാദേശിന് ഇപ്പോഴും കൃത്യമായ പദ്ധതിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ള നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളെ ബംഗ്ലാദേശ് ഗൗരവകരമായാണ് കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ അമിത് ഷാ ഉപയോഗിച്ച 'നാടുകടത്തുക' എന്ന വാക്ക് തന്‍റെ രാജ്യക്കാരെ അപമാനിക്കുന്നതിന് സമാനമാണെന്നാണ് ഒരു ബംഗ്ലാദേശി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എന്‍ആര്‍സി വിഷയത്തില്‍ ഇന്ത്യയില്‍ നിന്നും വ്യക്തമായ അഭിപ്രായമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ധാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ നാഷണല്‍ തിങ്ക് ടാങ്ക് ചെയര്‍മാന്‍ മുനീര്‍ കുസ്റു അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകള്‍ ആശങ്കപ്പെടുത്തുന്നില്ലെങ്കിലും ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനകള്‍ നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തീവ്രവാദ സംഘനകളെ പിഴുതെറിയാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു. ഇതിന്‍റെ ഫലമായി അതിര്‍ത്തി ശാന്തമാണ്. എന്നാല്‍ ടീസ്റ്റാ നദിയും എന്‍ആര്‍സിയും പോലെയുള്ള വിഷയങ്ങളാണ് നിലവില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും മുനീര്‍ കുസ്റു പറഞ്ഞു.

ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അന്തിമ എൻ‌ആർ‌സി പ്രകാരം അസമിലെ 1.9 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് നയതന്ത്ര വിദഗ്ധനായ പിനാക് ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ ആഭ്യന്തര വിഷയമാക്കി നിലനിര്‍ത്താനാണ് ഇന്ത്യന്‍ ശ്രമം. എന്‍ആര്‍സിയില്‍പ്പെടാതെ പുറത്ത് നില്‍ക്കുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഇവര്‍ ബംഗ്ലാദേശിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്. അപ്പീലുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ലിസ്റ്റ് പൂര്‍ണമല്ല. എന്നാല്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ടീസ്റ്റ നദിയടക്കം 54 നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരു രാജ്യങ്ങളും കൃത്യത വരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയും മുന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിംഗും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും നടപ്പായിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങിയെങ്കിലും വിഷയം വൈകാരികമായി ഉയര്‍ത്തിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എതിര്‍ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ 5 ന് രാവിലെ ഹൈദരാബാദ് ഹൗസിൽ വച്ചാണ് നരേന്ദ്ര മോദിയുമായി ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച നടത്തുക. ശേഷം ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി ഡോ എസ് ജയ്‌ശങ്കർ ഹസീനയെ കാണുമെന്നാണ് പ്രതീക്ഷ. ഉച്ചഭക്ഷണത്തിന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ഇരു നേതാക്കളും സംയുക്തമായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ശേഷം രാഷ്ടപതി രാംനാഥ് കോവിന്ദുമായും അവര്‍ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി,ചലച്ചിത്ര നിർമാതാവ് ശ്യാം ബെനഗല്‍ എന്നിവരെയും ഹസീന കാണുന്നുണ്ട്. ബംഗ്ലാദേശ് രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മയ്ക്കായി മുജീബ് ബര്‍ഷ എന്ന പരിപാടിയും ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Last Updated : Oct 1, 2019, 4:34 AM IST

ABOUT THE AUTHOR

...view details