മെല്‍ബണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ഓസ്ട്രേലിയ. മടക്കയാത്രയ്ക്ക് പൂര്‍ണ നിരോധനമേര്‍പ്പെടുത്തുകയും നിര്‍ദേശം ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയോ പിഴശിക്ഷയോ നേരിടേണ്ടി വരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. യാത്രയ്ക്ക് മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കാണ് ഉത്തരവ് ബാധകം. വെള്ളിയാഴ്ച ചേര്‍ന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ പുതിയ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.
ആദ്യഘട്ടത്തില്‍ മെയ് 15 വരെയാണ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. 15ന് ഓസ്ട്രേലിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഉപദേശാനുസരണം തുടര്‍നിയന്ത്രണങ്ങളില്‍ തീരുമാനം എടുക്കും. ഇന്ത്യയിലെ കൊവിഡ് വ്യാപന സാഹചര്യവും പൗരന്മാരുടെ മടങ്ങി വരവ് ഓസ്ട്രേലിയന്‍ ക്വാറന്‍റൈന്‍ സംവിധാനത്തിന്‍റെ ശേഷിയും പരിഗണിച്ചാവും തീരുമാനം. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നല്ലൊരു ശതമാനവും കൊവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നതാണ് കഠിനമായ തീരുമാനങ്ങളിലേക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ തള്ളിവിട്ടത്. അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ ഐപിഎല്‍ ഉപേക്ഷിച്ച ക്രിക്കറ്റ് താരങ്ങളടക്കമുള്ള ഓസ്ട്രേലിയന്‍ പൗരന്മാരെ അക്ഷരാര്‍ഥത്തില്‍ വലച്ചിരിക്കുകയാണ് പുതിയ പ്രഖ്യാപനം.