കാൻബെറ:അസ്ട്രാസെനെക്ക വാക്‌സിൻ സ്വീകരിക്കേണ്ട പ്രായം 50 ൽ നിന്ന് 60 ആയി ഉയർത്തി ഓസ്‌ട്രേലിയ. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് കഴിഞ്ഞയാഴ്‌ച 52കാരി മരണപ്പെട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം. അതേസമയം 50 നും 59 നും ഇടയിൽ പ്രായമുള്ളവർ നിലവിൽ രാജ്യത്ത് അംഗീകൃതമായ ഫൈസർ വാക്‌സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ:ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 80 ദശലക്ഷം വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക
അസ്ട്രാസെനെക്ക ഉപയോഗിച്ചതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് രണ്ട് പേർ ഓസ്‌ട്രേലിയയിൽ മരണപ്പെട്ടതായി ആരോപിക്കപ്പെടുന്നു. ഏപ്രിലിൽ 48കാരിയായ സ്‌ത്രീയും സമാന രീതിയിൽ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അസ്ട്രാസെനെക്ക 50 വയസിന് മുകളിലുള്ളവർക്ക് മാത്രം ശുപാർശ ചെയ്‌തത്. എന്നാൽ വീണ്ടും വാക്‌സിൻ സ്വീകരിക്കാനുള്ള പ്രായം 60 ആയി ഉയർത്തിയിരിക്കുകയാണ്.
അതേസമയം ആദ്യ ഡോസ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ പാർശ്വ ഫലങ്ങൾ സ്ഥിരീകരിക്കാത്തവർക്ക് മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. മോഡേണ വാക്‌സിൻ രാജ്യത്ത് ഉപയോഗിക്കാൻ ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ പ്രതീക്ഷിക്കുന്നത്.