യാങ്കൂൺ:മ്യാൻമറിൽ പട്ടാളത്തിന്‍റെ തടങ്കലിലായ ആങ് സാൻ സൂചിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് സൈന്യം. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ പട്ടാള അട്ടിമറി നടന്നത്. തുടർന്ന് ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. ആങ് സാൻ സൂചി പൂർണ ആരോഗ്യവതിയാണെന്നാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.
ആങ് സാൻ സൂചിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മ്യാന്‍മര്‍ സൈന്യം - international news
ഫെബ്രുവരി ഒന്നിനാണ് ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കിയത്
തടങ്കലിലാക്കിയിട്ടുള്ള നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. രോഹിൻഗ്യ വംശഹത്യയുടെ പേരിൽ സമീപകാലത്ത് രാജ്യാന്തര അംഗീകാരത്തിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും ഇന്നും മ്യാൻമറിലെ ജനകീയ നേതാവാണ് സൂചിയെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് വിജയം.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.