യെരെവൻ: അർമേനിയയും അസർബൈജാനും തമ്മിൽ വിഘടനവാദി പ്രദേശമായ നാഗൊർനോ-കറാബാക്കിലുണ്ടായ പോരാട്ടത്തിൽ പുതിയ ഉടമ്പടി ലംഘിച്ചുവെന്ന ആരോപണം പരസ്‌പരം ഉന്നയിച്ചു. പോരാട്ടത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. അസർബൈജാനി സേന ഷെല്ലാക്രമണവും മിസൈൽ ആക്രമണവും നടത്തിയെന്ന് അർമേനിയൻ സൈനിക ഉദ്യോഗസ്ഥർ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ഇരു ഭാഗത്തും അത്യാഹിതങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അർമേനിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ഷുഷാൻ സ്റ്റെപാനിയൻ പറഞ്ഞു. സെപ്റ്റംബർ 27 ന് കനത്ത പോരാട്ടം നടന്നതിന് ശേഷം വെടിനിർത്തൽ കരാര്‍ സ്ഥാപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് ശനിയാഴ്‌ച പ്രഖ്യാപിച്ച് അർദ്ധരാത്രി പ്രാബല്യത്തിൽ വന്ന ഏറ്റവും പുതിയ ഉടമ്പടി.
അർമേനിയയും അസർബൈജാനും വെടിനിർത്തൽ കരാര്‍ ലംഘനം റിപ്പോർട്ട് ചെയ്‌തു - നാഗൊർനോ-കറാബാക്കി
പോരാട്ടത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു
അതേസമയം വെടിനിർത്തൽ കരാര്‍ അവഗണിച്ച് അർമേനിയൻ സൈന്യം സംഘർഷമേഖലയിൽ രാത്രി ഷെല്ലാക്രമണം തുടർന്നതായും രാവിലെ നിരവധി ദിശകളിൽ ആക്രമണം ആരംഭിച്ചതായും അസർബൈജാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാഗൊർനോ-കറാബാക്കിന് വടക്ക് രണ്ട് പ്രദേശങ്ങളിലെ അസർബൈജാനി സൈന്യത്തിന്‍റെ പോസ്റ്റുകൾ ആക്രമിക്കാൻ അർമേനിയ വലിയ ആയുധങ്ങൾ ഉപയോഗിച്ചുവെന്നും മന്ത്രാലയം ആരോപിച്ചു. എന്നാൽ അർമേനിയൻ സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം നിഷേധിച്ചു.
നാഗോർനോ-കറാബക്ക് അസർബൈജാനിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഈ പ്രദേശം 1994 ൽ യുദ്ധം അവസാനിച്ചതിനു ശേഷം അർമേനിയയുടെ പിന്തുണയുള്ള വംശീയ അർമേനിയൻ സേനയുടെ നിയന്ത്രണത്തിലാണ്. എണ്ണകൊണ്ട് സമ്പന്നമായ അസർബൈജാനിൽ പുതിയ സൈനിക ആയുധങ്ങളും തുർക്കിയുടെ ശക്തമായ പിന്തുണയുമുള്ളതിനാൽ ഈ പോരാട്ടം ഇപ്പോൾ ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നു. അസർബൈജാനെ സഹായിക്കാനായി സിറിയൻ പടയാളികളെ തുർക്കി അയച്ചതായി അർമേനിയ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ആരോപണം തുർക്കി നിഷേധിക്കുന്നു.