ബെയ്‌ജിംങ്: കൊവിഡ് മഹാമാരിയെ നേരിട്ട ചൈനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വുഹാന്‍ കൊവിഡിനെതിരെ പൊരുതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് രാജ്യങ്ങള്‍ കണ്ടു പഠിക്കണമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ചൈനയുടെ പിആര്‍ ഏജന്‍സിയാണ് ലോകാരോഗ്യ സംഘടനയെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രസ്‌താവന. സംഘടന സ്വയം ലജ്ജിക്കണമെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.
കൊവിഡ് മഹാമാരിയെ നേരിട്ട ചൈനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന - ഡബ്ല്യുഎച്ച്ഒ
ജനീവയില്‍ വെച്ചു നടന്ന വിര്‍ച്ച്വല്‍ പ്രസ് മീറ്റിലായിരുന്നു സീറോ കൊവിഡ് നേട്ടം കൈവരിച്ച വുഹാനെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് രംഗത്തെത്തിയത്

കൊവിഡ് പശ്ചാത്തലത്തില്‍ ഡബ്ല്യുഎച്ച്ഒയുടെ പങ്ക് സംബന്ധിച്ച അന്വേഷണം ആരംഭിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിക്കുകയും സംഘടനയ്‌ക്ക് യുഎസിന്‍റെ ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു. കൊവിഡ് വ്യാപിക്കാന്‍ ചൈന കാരണമായി എന്ന് കാണിച്ച് ജര്‍മനി, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും വിമര്‍ശനമുന്നയിച്ചിരുന്നു. ജനീവയില്‍ നടന്ന വിര്‍ച്ച്വല്‍ പ്രസ് മീറ്റിലായിരുന്നു സീറോ കൊവിഡ് നേട്ടം കൈവരിച്ച വുഹാനെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് രംഗത്തെത്തിയത്. വുഹാനിലെ ആശുപത്രികളില്‍ നിലവില്‍ ഒറ്റ കൊവിഡ് കേസുകളില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. വുഹാനിലും ഹുബൈയിലും ഏപ്രില്‍ 4 മുതല്‍ തുടര്‍ച്ചയായ 28 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളില്ലെന്ന് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി.