കാബൂൾ:കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നടന്ന ഓപ്പറേഷനിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ശനിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ രഹസ്യാന്വേഷണ നേതാവായ അസദുള്ള ഒറക്സായിയെയാണ് കൊലപ്പെട്ടതെന്നും പ്രത്യേക സേന അദ്ദേഹത്തെ ജലാലാബാദിന് സമീപത്ത് വെച്ചാണ് കൊലപ്പെടുത്തിയതെന്നും അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സൈനികരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയ നിരവധി ആക്രമണങ്ങളിൽ ഒറക്സായിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഏജൻസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ എണ്ണത്തിൽ 13 ശതമാനം കുറവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര സേനയുടെ പ്രവർത്തനങ്ങൾ കുറച്ചതിന്‍റെ ഭാഗമായാണ് അപകടത്തിൽ കുറവുണ്ടായതെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ആക്രമണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഐസിസിന്‍റെ 17 ആക്രമണങ്ങളാണ് യുഎൻ രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ 2020 ന്‍റെ ആദ്യ ആറുമാസത്തിനുള്ളിൽ 1,282 പേർ അക്രമത്തിൽ കൊല്ലപ്പെടുകയും 2,176 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാർച്ചിൽ അഫ്ഗാൻ തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുള്ള സിഖ് ആരാധനാലയത്തിൽ ഐസിസ് ആക്രമണം നടത്തി 25 പേരെ കൊലപ്പെടുത്തുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.