കാബൂള്‍: 24 മണിക്കൂറിനിടെ കാബൂള്‍ ഉള്‍പ്പെടെ വിവിധ പ്രവിശ്യകളിലായി 143 താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് അഫ്‌ഗാനിസ്ഥാന്‍. ഓപ്പറേഷനിടെ 121 പേര്‍ക്ക് പരിക്കേറ്റെന്നും അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാന്‍ഗര്‍ഹാര്‍, കാണ്ഡഹാര്‍, ഹേറത്ത്, ഘോര്‍, ഫറാ, സാമന്‍ഗാന്‍, ഹെല്‍മന്ദ്, ബദഖ്ഷാന്‍, കാബൂള്‍ പ്രവിശ്യകളിലായി അഫ്‌ഗാനിസ്ഥാന്‍ സുരക്ഷാസേന (എഎന്‍ഡിഎസ്എഫ്) നടത്തിയ ഓപ്പറേഷനില്‍ 143 താലിബാന്‍ ഭീകര്‍ കൊല്ലപ്പെടുകയും 121 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
Also read: ഹമാസിന്‍റെ ബലൂണ്‍ ബോംബിന് തിരിച്ചടി നല്‍കി ഇസ്രയേല്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രം തകര്‍ത്തു
11 സ്ഫോടന വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്‌ച വൈകുന്നേരം ഒമര്‍സായിയില്‍ താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങാനിരിക്കെ രാജ്യത്ത് താലിബാന്‍റെ ആക്രമണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളുടേയും നിയന്ത്രണം താലിബാന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.