ഗാസ: ഗാസ നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആകെ രക്ഷപ്പെട്ടത് ആറുമാസം പ്രായമുള്ള കുഞ്ഞ് മാത്രമെന്ന് റിപ്പോർട്ട്. ഇസ്രയേൽ ഗാസയിലേക്ക് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഏറ്റവും ഭീകരമായ ഒറ്റപ്പെട്ട സംഭവമായിരുന്നു ഇത്.
ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ ബന്ധുക്കളുടെ അടുത്തേക്ക് പോയ തന്‍റെ ഭാര്യയും മക്കളും ആക്രമണത്തില്‍ തൽക്ഷണം കൊല്ലപ്പെട്ടതായി കുടുബനാഥനായ മുഹമ്മഹദ് അദീദി പറഞ്ഞു. ഭാര്യ സുഹൈബയും മക്കളായ സുഹൈബ് (14), അബ്ദുൾ റഹ്മാൻ (8), വിസാം (6) എന്നിവരുമാണ് കൊല്ലപ്പെട്ടത്. എന്നാൽ ആറ് മാസം പ്രായമുള്ള തന്‍റെ കുഞ്ഞുമാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും 11 വയസുള്ള ഒരു മകനെ കാണാനില്ലെന്നും മുഹമ്മഹദ് അദീദി പറഞ്ഞു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞ് ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി നൂറുകണക്കിന് ആളുകൾ ഗാസ നഗരത്തിലെ തെരുവുകളിലൂടെ മാർച്ച് നടത്തിയിരുന്നു.
അതേസമയം തിങ്കളാഴ്ച രാത്രി മുതൽ ഹമാസ് ഇസ്രയേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ പ്രയോഗിച്ചിരുന്നു. ഇതിന് പ്രതികാരമായി ഇസ്രയേൽ ഗാസ മുനമ്പിൽ വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ ഗാസയിൽ 31 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ 126 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ ആറ് വയസുള്ള ഒരു കുട്ടിയും ഒരു സൈനികനും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് വിവരം.