കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിന് ശേഷം 86 റേഡിയോ സ്റ്റേഷനുകൾ അടച്ചുവെന്ന് റിപ്പോർട്ട്. സാമ്പത്തികവും രാഷ്‌ട്രീയവുമായ പ്രശ്‌നങ്ങളാണ് അടച്ചുപൂട്ടലിന് പിന്നിലെന്ന് മാധ്യമ നിരീക്ഷകരെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. താലിബാൻ ഭരണം അഫ്‌ഗാനിസ്ഥാൻ മീഡിയയിലെ റേഡിയോ സെക്‌ടറിനെ സാരമായി ബാധിച്ചെന്നാണ് റിപ്പോർട്ട്.
താലിബാൻ ഭരണത്തിലേറിയ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റേഡിയോ ജഹാൻ പ്രവർത്തനം നിർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് തീരുമാനമെന്ന് റേഡിയോ ജഹാൻ തലവൻ മുസാവര്‍ റാസിഖ് പറഞ്ഞു. രാജ്യത്തെ 70 ശതമാനം റേഡിയോ സ്റ്റേഷനുകളാണ് ഇതിനകം അടച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് റേഡിയോ നിലയങ്ങൾ അടക്കാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. അതേ സമയം ഗവൺമെന്‍റ്, റേഡിയോ നിലയങ്ങളിൽ നിന്ന് നികുതിയും ഈടാക്കുന്നുണ്ടെന്ന് സാംസമ റേഡിയോ സ്റ്റേഷൻ മേധാവി സെയ്ഫുല്ലാഹ് അസീസി പറഞ്ഞു.