ഇസ്ലാമാബാദ്:സിന്ധ് പ്രവിശ്യയിലെ സൂഫി ദേവാലയത്തിൽ 2017 ൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ പങ്കെടുത്ത രണ്ട് തീവ്രവാദികൾക്ക് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ നാദിർ അലിയെയും ഫുർഖാനെയും ദൃക്‌സാക്ഷികളും ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുഷ്താഖ് അലി ജോഖിയോയും സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സിന്ധ് പ്രവിശ്യയിലെ സെവാൻ ഷെരീഫ് പ്രദേശത്ത് 2017 ൽ നടന്ന ബോംബാക്രമണക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തവരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. 2017 ഫെബ്രുവരി 16ന് സെഹ്‌വാൻ ഷെരീഫിലെ ലാൽ ഷഹബാസ് ഖലന്ദറിലെ സൂഫി ദേവാലയത്തിൽ ഗ്രനേഡ് പ്രയോഗിച്ച് നടത്തിയ ചാവേർ ആക്രണത്തിൽ 82 പേർ കൊല്ലപ്പെടുകയും 250ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്ന് ക്രൂരമായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു. ധമാൽ അനുഷ്ഠാനം നടത്താൻ സൂഫി മുസ്ലിം സഹോദരങ്ങൾ ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഐഎസ്എസ്, താലിബാൻ, അല്‍ഖ്വയ്ദ എന്നിവയുൾപ്പെടെയുള്ള സലഫിസ്റ്റ് ജിഹാദി ഗ്രൂപ്പുകൾ ഈ വിഭാഗത്തെ മതവിരുദ്ധമായാണ് കണക്കാക്കുന്നത്.
സ്‌ഫോടനത്തിന് ഒരു ദിവസം മുമ്പ് അലിയും ഫുർഖാനും ആക്രമണം നടത്തിയ ചാവേറുമായി പള്ളിയിൽ സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കോടതിയിൽ വെച്ച് ജോഖിയോ എന്നയാൾ അലിയെ തിരിച്ചറിയുകയും ഇയാൾക്ക് എതിരെ കോടതിയിൽ മൊഴിയി നൽകുകയും ചെയ്തു. തുടര്‍ന്ന് തീവ്രവാദികൾക്ക് സൗകര്യമൊരുക്കിയതായി അലി സമ്മതിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് ഒരു ദിവസം മുമ്പ് താൻ സെവാനിൽ ഒരു മുറി വാടകയ്‌ക്കെടുത്തതായും ബോംബ് സ്‌ഫോടനം വിജയകരമാക്കുന്നകത് ലാൽ ഷഹബാസ് ഖലാന്ദറിനടുത്ത് നിന്ന് കണ്ടുവെന്നും പ്രതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു.