കാഠ്‌മണ്ഡു:കാലവർഷം ശക്തി പ്രാപിച്ചതോടെ നേപ്പാളിൽ വിവിധ ജില്ലകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 16 മരണവും 11പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. 22 പേർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്നും ദുരിത ബാധിതർക്കായുള്ള അവശ്യസേവനങ്ങൾ സർക്കാർ നൽകി വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും രാജ്യത്താകമാനം നാശനഷ്‌ടങ്ങളുണ്ടായി. സിന്ധുപാൽചോക്ക്, മനാങ് ജില്ലകളാണ് ഉയർന്ന അളവിൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ.
Also Read:ഉത്തരാഘണ്ഡ് ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ ; ആളപായമില്ല
മൺസൂൺ ആരംഭിക്കുന്നതോടെ വർഷം തോറും 100ലധികം പേരാണ് രാജ്യത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിക്കുന്നത്. അതേസമയം രാജ്യത്തുടനീളം മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രാദേശിക ഭരണകൂടങ്ങൾ (ഡിഎഒ) ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നകിവരുന്നു.
തമാകോഷി നദീതീരത്തും നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും ഡിഎഒ ആവശ്യപ്പെട്ടിട്ടുണ്ട്. നേപ്പാൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ കാലവർഷം ആരംഭിച്ചു. ഇത് മൂന്ന് മാസത്തോളം തുടരുമെന്നും മുന്നറിയിപ്പുണ്ട്.