നേപ്യിഡോ: മ്യാന്‍മറിലെ പട്ടാള ഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ സുരക്ഷ സേനയിലെ 13 ലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ സേനയും പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതെന്ന് മ്യാന്‍മറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് നാഷണൽ യൂണിറ്റി ഗവൺമെന്‍റ് രൂപീകരിച്ച പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സായുധ സംഘങ്ങളുടെ സഖ്യമാണ്.
വെള്ളിയാഴ്‌ച രാവിലെ ചിന്നിലെ ഫലാം ടൗൺഷിപ്പിൽ നടന്ന ഒളിയാക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ രണ്ട് സൈനിക ട്രക്കുകൾ ആക്രമിക്കപ്പെട്ടുവെന്ന് ചിൻലാന്‍ഡ് പ്രതിരോധ സേനയുടെ (സിഡിഎഫ്) വക്താവ് പറഞ്ഞു.
അതേ സമയം, കാൺപെറ്റ്‌ലെറ്റ് ടൗണ്‍ഷിപ്പിലെ പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥർ സൈനിക അട്ടിമറിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കുചേർന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യവ്യാപകമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുന്നതിനായി ചിന്‍ സംസ്ഥാനത്തെ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ജോലി ഉപേക്ഷിച്ചത്.