വാഷിങ്ടണ്‍: കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍, വൈറസ് വ്യാപനം ശക്തമായപ്പോള്‍ തന്നെ തുടങ്ങിയതാണ്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും എന്നാല്‍ അങ്ങനെയല്ല, ഈ പ്രദേശത്തെ മാംത്സ കടയിലെ മൃഗങ്ങളില്‍ സ്വാഭാവികമായി രൂപപ്പെട്ടതാണ് എന്നിങ്ങനെ നിരവധി വാദങ്ങള്‍ വന്നിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ സജീവമായിരിക്കെ കാര്യങ്ങള്‍ വഴിത്തിരിവിലേക്കെന്ന് സൂചന നല്‍കുകയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പഠനം പിന്തുടരുന്നത് അപകടകരമെന്ന് പ്രബന്ധം
ചൈനയിലെ വുഹാൻ വൈറോളജി ലാബിന്‍റെ ചീഫും 'ബാറ്റ് വുമൺ' എന്നറിയപ്പെടുന്ന രാജ്യത്തെ വവ്വാല്‍ വൈറസുകളെക്കുറിച്ചുള്ള വിദഗ്‌ധയുമായ ഷി ഷെങ്‌ലിയും നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ വൈറസ് വിദഗ്‌ദനുമായ റാല്‍ഫ് എസ് ബാരിക്കുമായി ചേര്‍ന്ന് 2015 ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഈ വൈറസുമായി ബന്ധപ്പെട്ടുള്ള പരീക്ഷണത്തിന്‍റെ നേട്ടത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പറയുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
“ശാസ്ത്രീയ അവലോകന പാനലുകൾ സമാനമായ പഠനങ്ങളെ പിന്തുടരുന്നത് വളരെ അപകടകരമാണെന്ന് കരുതുന്നു,” എന്ന് ഇതുമായി ബന്ധപ്പെട്ട് പ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. വവ്വാലുകളില്‍ നിന്നും പ്രചരിക്കുന്ന വൈറസുകളിൽ നിന്ന് സാര്‍സ്-കൊവ് വീണ്ടും ഉയർന്നുവരാനുള്ള സാധ്യതയെക്കുറിച്ച് പഠനം പറയുന്നു. നേച്ചർ മെഡിസിൻ എന്ന ശാസ്ത്ര ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തില്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാത്യു പോറ്റിംഗർ നിയോഗിച്ച അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരാനാണ് സംഘം ലക്ഷ്യമിട്ടത്.
''2015ല്‍ നോവല്‍ കൊവിഡ് വൈറസിനെ സൃഷ്ടിച്ചു''
സംഭവത്തില്‍ വില്ലന്‍ സ്ഥാനത്ത് ഷി ഷെങ്‌ലിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2015ല്‍ വിവിധ തരം വവ്വാലുകളുള്ള തെക്കന്‍ ചൈനയിലെ മേഖലയായ യുനാനിലെ ഗുഹകളില്‍ ഇവര്‍ നിരന്തര സന്ദര്‍ശനം നടത്തിയിരുന്നു. വവ്വാലുകളിലെ വൈറസുകള്‍ക്ക് മനുഷ്യനെ ആക്രമിക്കാനുള്ള കഴിവിനെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. 2015ല്‍ നോവല്‍ കൊവിഡ് വൈറസിനെ അവര്‍ സൃഷ്ടിച്ചു. സാര്‍സ് ഒന്ന് വൈറസിലെ സ്പൈക്ക് പ്രോട്ടീനെ മാറ്റി വവ്വാലുകളിലെ വൈറസ് പ്രോട്ടീന്‍ ചേര്‍ത്ത് ഇവയെ സൃഷ്ടിച്ചെന്നാണ് മാത്യു പോറ്റിംഗർ നിയോഗിച്ച അന്വേഷണ സംഘം വാദിക്കുന്നുവെന്ന് വാനിറ്റി ഫെയർ റിപ്പോർട്ടു ചെയ്തു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഷി ഷെങ്‌ലി ഇതിനെക്കുറിച്ചുള്ള ഗവേഷണം തുടര്‍ന്നു. മനുഷ്യകോശങ്ങളെ ആക്രമിക്കാന്‍ കൊവിഡ് വൈറസിനെ ജനറ്റിക് എന്‍ജിനിയറിങിലൂടെ തയ്യാറാക്കിയെന്നും വാനിറ്റി ഫെയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ALSO RAED:കൊറോണ പരന്നത് വുഹാനിൽ നിന്നെന്ന തന്‍റെ നിഗമനം ശരിയെന്ന് ഡൊണാൾഡ് ട്രംപ്